കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ കടകള്‍ ഒഴിപ്പിക്കണമെന്ന് ഫിഫ. സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ വേദി മാറ്റേണ്ടി വരുമെന്നും ഫിഫ അന്ത്യശാസനം നല്കി. ഫിഫയുടെ നിര്‍ദ്ദേശം ലഭിച്ചതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വ്യക്തമാക്കി.
ഇന്ത്യ ആദ്യമായി വേദിയാകുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആറ് ലീഗ് മത്സരങ്ങളും ഓരോ പ്രീക്വാര്‍ട്ടറും ക്വര്‍ട്ടര്‍ ഫൈനല്‍ മത്സരവുമാണ് കൊച്ചിയില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുക. ഒക്ടോബര്‍ ഏഴിന് വൈകുന്നേരം അഞ്ചിന് ബ്രസീലും സ്പെയ്നും തമ്മിലാണ് കൊച്ചിയിലെ ആദ്യ മത്സരം. എട്ട് മണിക്ക് കൊറിയയും നൈജും തമ്മിലുള്ള മത്സരവും നടക്കും. ആദ്യ ദിവസത്തെ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു കഴിഞ്ഞു. ഇതിനിടെയാണ് ഫിഫയുടെ അന്ത്യശാസനം വന്നിരിക്കുന്നത്.
കേരളത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 66 കോടി രൂപയാണ് ചെലവഴിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 12.44 കോടി രൂപ അനുദവിച്ചിട്ടുണ്ട്. കായിക മന്ത്രി എ.സി മൊയ്തീന് അറിയിച്ചതാണ് ഇക്കാര്യം. പരിശീലന വേദികളായി പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം, മഹാരാജാസ് കോളജ് സ്റ്റേഡിയം, ഫോര്‍ട്ട് കൊച്ചി വേളി സ്റ്റേഡിയം പരേഡ് ഗ്രൗണ്ട് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.






