
കൊച്ചി: പോലീസ് ചോദ്യം ചെയ്യല്ലിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് പോലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ചികിത്സയില്‍ കഴിയുന്ന നാദിര്‍ഷാ പോലീസിനെ അറിയിച്ചെങ്കിലും ഇന്ന് ഇനി ചോദ്യം ചെയ്യല്‍ വേണ്ടെന്നാണ് പോലീസ് നിലപാട്. രണ്ട് ദിവസത്തിനകം നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
എന്നാല്‍ തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും വൈകുന്നേരം നാല് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യല്ലിനായി ഹാജരാവാം എന്നുമായിരുന്നു നാദിര്‍ഷ പോലീസിനെ അറിയിച്ചത്.
കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് രാവിലെ 9.45 ഓടെയാണ് നാദിര്‍ഷ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കവെയാണ് നാദിര്‍ഷായുടെ രക്തസമ്മര്‍ദം ഉയര്‍ന്നത്. ചോദ്യം ചെയ്യലിന് മുമ്പതന്നെ നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയ അളവിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരെത്തി പരിശോധിക്കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് പറഞ്ഞു.






