
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമായ സര്‍ദാര്‍ സരോവര്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കേവാദിയയില്‍ 56 വര്‍ഷം മുന്‍പ് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ആണ് പദ്ധതിക്കു തറക്കല്ലിട്ടത്. നരേന്ദ്ര മോദിയുടെ 67ാം ജന്മദിനംകൂടിയാണിന്ന്.
ജന്മദിനത്തോടനുബന്ധിച്ച് ഇന്നു ബിജെപിയും പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും സേവാ ദിവസമായി ആഘോഷിക്കും. അണക്കെട്ട് ഉദ്ഘാടനത്തിനു ശേഷം പ്രദേശത്തുനിന്നു സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ (ഐക്യ പ്രതിമ) നിര്‍മാണം നടക്കുന്ന ഗുജറാത്തിലെ സാധു ബേടിലെത്തി പ്രധാനമന്ത്രി പുരോഗതി വിലയിരുത്തും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ തലത്തിലും രാജ്യത്തെ എല്ലാ ജില്ലകളിലും പാര്‍ട്ടി തലത്തിലും ഇന്നു സേവാദിവസ പരിപാടികള്‍ സംഘടിപ്പിക്കും. ശുചീകരണം, വൃക്ഷത്തൈ നടീല്‍, മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങിയവയാണു പരിപാടികള്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്നു റാഞ്ചിയില്‍ 'സേവാ ദിവസ' പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.






