
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന യേശുദാസിന്റെ ആഗ്രഹത്തിന് ക്ഷേത്രം അധികൃതരുടെ അന്തിമ തീരുമാനം ഇന്ന്. വിജയ ദശമി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യേശുദാസിന്റെ കാത്ത് ശനിയാഴ്ച മതിലകം ഓഫീസില്‍ ലഭിച്ചു. ഇന്ന് ജില്ലാ ജഡ്ജി കെ ഹരിപാലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ക്ഷേത്ര ഭരണസമിതി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തില്‍ ഹിന്ദുമതാചാര പ്രകാരം ജീവിക്കുന്നരര്ക്ക് പ്രവേശനം നല്‍കാറുണ്ട്. ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രാചാരനുഷ്ഠാനങ്ങള് പാലിക്കുന്നുണ്ടെന്നും കാട്ടിയാണ് യേശുദാസിന്റെ കത്ത്.
സുപ്രീം കോടതി നിയമിച്ച മേല്‍നോട്ട സമിതി അധികാരമേറ്റെടുത്ത ശേഷം ഹിന്ദുമത വിശ്വാസ പ്രകാരം ജീവിക്കുന്ന അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. ശബരിമലയിലും മൂകാംബികയിലും ദര്‍ശനം നടത്തിയിട്ടുള്ള യേശുദാസിന് പദ്മനാഭനെ കാണാമെന്നാണ് ഭാരവാഹികളുടെ നിലപാട്.
അഹിന്ദുക്കള്‍ പരിചയമുള്ള ആരുടെയെങ്കിലും വക ഹിന്ദുമതാചാര പ്രകാരമാണ് ജീവിക്കുന്നതെന്ന് കാണിക്കുന്ന കത്ത് നല്‍കേണ്ടതുണ്ട്. എന്നാല്‍ യേശുദാസിന് ഇതിന്റെ ആവശ്യമില്ലെന്ന് എക്സിക്യൂട്ടിവ് ഓഫീസര്‍ വി രതീശന് പറഞ്ഞു. എന്നാല്‍ ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തണമെന്ന യേശുദാസിന്റെ ആഗ്രഹം ഇതുവരെ നടന്നിട്ടില്ല.






