തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സയ്ക്ക് എത്തിയ ഒന്‍പത് വയസുകാരിക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ആര്.സി.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അതേസമയം രക്തസാമ്പിളുകളുടെ ആധുനിക പരിശോധനയ്ക്ക് ആവശ്യമായ സംവിധാനം ഇല്ലാത്തത് ആശുപത്രിയുടെ വീഴ്ചയാണെന്ന് സമിതി കണ്ടെത്തി.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുട്ടിക്ക് രക്തം നല്‍കിയത്. ഇക്കാര്യത്തില്‍ സാങ്കേതിക പിഴവ് ഉണ്ടായിട്ടില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. രക്താര്‍ബുദത്തിന് ചികിത്സ തേടിയ പെണ്‍കുട്ടിക്ക് ആണ് എച്ച്.ഐ.വി ബാധിച്ചത്. ആര്.സി.സിയില്‍ നിന്ന് 49 തവണ രക്തം സ്വീകരിച്ചിരുന്നു. ഇതില്‍ 39 തവണയും ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്തുന്നതിനിടെയാണ് രക്തം സ്വീകരിച്ചത്.
രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തിരുന്നു. ആര്.സി.സി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.






