
ന്യൂകാമ്പ്: രണ്ടു കളികളിലായി 11 ഗോളുകള്‍ കണ്ട് സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ഇന്നലെ കണ്ടത് ഗോള്‍മഴ. ബാഴ്സിലോണ എതിരാളികളായ ഐബറിനെതിരേ 6-1 ന് ജയം നേടിയപ്പോള്‍ വലന്‍സിയ മലാഗയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക്. ബാഴ്സിലോണയുടെ വന്‍ വിജയത്തില്‍ നാലു ഗോള്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍താരം മെസ്സിയുടെ വകയായിരുന്നു എന്നത് ആരാധകര്‍ക്ക് സന്തോഷമായി.
ബാഴ്സയുടെ തട്ടകത്തില്‍ എല്ലാം കൊണ്ടും എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ടീം പുറത്തെടുത്തത്. 20 ാം മിനിറ്റില്‍ ആദ്യഗോള്‍ പെനാല്‍റ്റിയില്‍ നിന്നും നേടിയ മെസ്സി രണ്ടാം പകുതിയില്‍ ഹാട്രിക്ക് കുറിച്ചു. ഇതിനിടയില്‍ പൗളീഞ്ഞോയും ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ 2-0 ലീഡുമായി പോയി. രണ്ടാം പകുതിയില്‍ 59, 62, 87 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ മറ്റ് ഗോളുകള്‍. ഡേവിഡ് സുവാരസായിരുന്നു ടീമിന്റെ മറ്റൊരു സ്കോറര്‍. പതിമൂന്ന് വര്‍ഷം ബാഴ്സയ്ക്കായി കളിച്ച മെസ്സി സ്വന്തം മൈതാനത്ത് നേടിയ ഗോളുകളുടെ എണ്ണം 301 ആയി.
ഈ സീസണില്‍ നാലു മത്സരങ്ങളില്‍ നിന്നും മെസ്സിക്ക് ഇതുവരെ ഒമ്പത് ഗോളുകള്‍ നേടാനായി. വന്‍ വിജയം നേടിയതോടെ ഈ സീസണിലെ വിജയങ്ങളുടെ 100 ശതമാനക്കണക്ക് മുമ്പോട്ട് കൊണ്ടുപോകാനുമായി. മറ്റൊരു മത്സരത്തില്‍ മലാഗയെ വലന്‍സിയ 5-0 നായിരുന്നു മുക്കിയത്. മുന്‍ വെസ്റ്റ്ഹാം സ്ട്രൈക്കര്‍ സിമോണ്‍ സക്ക ഒമ്പതു മിനിറ്റിനിടെ മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ സാന്റിമിനയും പകരക്കാരനായി എത്തിയ റോഡ്രിഗോയും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.




