ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുര്‍മീതിന്റെ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തില്‍ നാല്‍പ്പതോളം പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കലാപത്തെ പോലീസ് നേരിട്ട രീതിയെ വിമര്‍ശിച്ച് ഹരിയാനയിലെ ബി.ജെ.പി മന്ത്രി അനില്‍ വിജ് രംഗത്ത്. കലാപത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിജ് ആവശ്യപ്പെട്ടു.
ജാട്ട് കലാപത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കാമെങ്കില് എന്തുകൊണ്ട് ദേര അനുയായികള്‍ക്ക് നഷ്ടപരിഹാരം നല്കിക്കൂടാ എന്ന് അനില്‍ വിജ് ചോദിച്ചു. ഗുര്‍മീത് അനുയായികള്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും മന്ത്രി ചോദിച്ചു. ഗുര്‍മീത് അനുയായികള്‍ നടത്തിയ അക്രമത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്.
കലാപത്തിനിടെ നിരവധി മാധ്യമസ്ഥാപനങ്ങളുടെ ഒ.ബി വാനുകളും പോലീസ് വാഹനങ്ങളും തകര്‍ക്കപ്പെട്ടു. കലാപത്തിന് നേതൃത്വം നല്കിയ 43 ദേര അനുയായികളുടെ ചിത്രം കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ടിരുന്നു. ഇവര്‍ക്കായി പോലീസ് ലുക്ക് നോട്ടീസ് പുറത്തിറക്കിയിരിക്കെയാണ് മന്ത്രിയുടെ അനുകൂല പ്രസ്താവന. നേരത്തെ കറന്‍സി നോട്ടില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട നേതാവാണ് അനില്‍ വിജ്.






