
തിരുവനന്തപുരം: കുംഭമേളയിലെ 'വൈറല്‍ സുന്ദരി'യും മഹാരാഷ്‌ട്ര സ്വദേശി ഫര്‍മാന്‍ ഖാനും തമ്മില്‍ കേരളത്തില്‍ നടന്ന വിവാഹം നിയമയുദ്ധത്തിലേക്കും രാഷ്‌ട്രീയവിവാദത്തിലേക്കും. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ കണ്ടെത്തിയതോടെ ഫര്‍മാന്‍ ഖാനെതിരേ മധ്യപ്രദേശ് പോലീസ് പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. കേരളത്തിലെയും മധ്യപ്രദേശിലെയും ഡി.ജി.പിമാരോട് 22-ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.
വിവാഹച്ചടങ്ങില്‍ സജീവമായി പങ്കെടുക്കുകയും, ഇതാണ് യഥാര്‍ത്ഥ 'കേരളാ സ്‌റ്റോറി'യെന്ന് മേനിപറയുകയും ചെയ്‌ത സി.പി.എം. നേതാക്കള്‍ ഇതോടെ മലക്കംമറിഞ്ഞു. വിവാദവിവാഹവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടിലാണിപ്പോള്‍ സി.പി.എം. നേതൃത്വം. പെണ്‍കുട്ടിയുടെ ജനനത്തീയതി 2009 ഡിസംബര്‍ മുപ്പതാണെന്നും വിവാഹസമയത്ത് 16 വയസേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ കണ്ടെത്തിയത്. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നും അന്വേഷണത്തില്‍ വ്യക്‌തമായി.തിരുവനന്തപുരം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിലായിരുന്നു ഫര്‍മാന്റെയും പെണ്‍കുട്ടിയുടെയും വിവാഹം. മന്ത്രി വി. ശിവന്‍കുട്ടി, സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എ.എ. റഹീം എം.പി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് 'നവദമ്പതി'കളെ ആശീര്‍വദിച്ചു. വിവാഹം നിയമപരമാണെന്നും പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞെന്നും തമ്പാനൂര്‍ പോലീസ് സാക്ഷ്യപ്പെടുത്തുകയും ചെയ്‌തു. ക്ഷണം കിട്ടിയതുകൊണ്ടാണ്
വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് ഇപ്പോള്‍ സി.പി.എം. നേതാക്കളുടെ വിശദീകരണം. പിതാവ് നിര്‍ബന്ധിച്ച് നാട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായാണ് പെണ്‍കുട്ടി തമ്പാനൂര്‍ പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പൂവാറിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ഫര്‍മാനൊപ്പം പെണ്‍കുട്ടിയെ വിട്ടയച്ചു.






