
ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം, റഹിം സിങ്ങിന്റെ ദത്തുപുത്രി ഇന്ത്യയില്‍ തന്നെ ഒളിവില്‍ കഴിയുന്നുവെന്ന് സൂചനകള്‍.
ഗുര്‍മീതിന്റെ ദത്തുപുത്രിയും, മനസാക്ഷി സൂക്ഷിപ്പുകാരിയുമായ ഹണിപ്രീത് നേപ്പാളിലേയ്ക്ക് കടന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ നേപ്പാളിലെ അന്വേഷണ സംഘം ഇതു സംബന്ധിച്ച് എല്ലാ അഭ്യൂഹങ്ങളും തള്ളി. ഇന്ത്യയില്‍ തന്നെ ഒളിവില്‍ കഴിയാനാണ് സാധ്യതകള്‍ എന്ന് നേപ്പാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരച്ചിലുകള്‍ക്കൊടുവില്‍ ഹണിപ്രീത് ഇന്സാന് നേപ്പാളില്‍ ഇല്ലെന്ന് വ്യക്തമായതായി നേപ്പാള്‍ പോലീസ് ഡയറക്ടര്‍ പുഷ്കര്‍ കര്‍ക്കി അറിയിച്ചു. ഹരിയാന പോലീസിന്റെ കൊടും കുറ്റവാളികളിലൊരാളാണ് ഒളിവില്‍ കഴിയുന്ന ഹണിപ്രീത് ഇന്സാന്.






