
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കുമ്പോള് സ്വന്തം ടീമിന്റെ കളി കാണാന്‍ ആളെ കണ്ടെത്താനാകാതെ അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷന് കുഴങ്ങുന്നു. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഡല്‍ഹിയില്‍ കൊണ്ടു വെച്ചതാണ് ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതരെ വിഷമിപ്പിക്കുന്നത്. ഓണ്‍ലൈനില്‍ ഇന്ത്യന്‍ ടീമിന്റെ മൊത്തം കളികാണാനായി ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത് വെറും 27,000 പേര്.
കൊളംബിയയും അമേരിക്കയും ഘാനയുമടങ്ങുന്ന ഇന്ത്യയുടെ മത്സരങ്ങള്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇവിടുത്തെ സീറ്റിംഗ് കപ്പാസിറ്റി 55,000 ആണ്. എന്നാല്‍ ഇന്ത്യയുടെ ആദ്യ മത്സരമായ അമേരിക്കയ്ക്ക് എതിരേയുള്ള കളികാണാന്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തത് വെറും 15,000 പേരാണ്. ലാറ്റിനമേരിക്കന്‍ വമ്പന്മാരായ കൊളംബിയയ്ക്ക് എതിരേയുള്ള കളികാണാന്‍ 7000 പേരും ഘാനയ്്ക്തിതിരേ 5000 കാണികളുമാണ് ടിക്കറ്റിന് അപേക്ഷിച്ചത്. ടിക്കറ്റ് വില്‍പ്പന കൂട്ടാന്‍ കൗണ്ടര്‍ തുറന്നിട്ടും വാങ്ങാന്‍ ആളില്ല.
ഇതോടെ സ്റ്റേഡിയം നിറയ്ക്കാന്‍ സ്കൂള്‍, കോളേജ് ക്യാമ്പസുകളില്‍ വിതരണം ചെയ്തത് 25,000 സൗജന്യ ടിക്കറ്റ് നല്കി ആളെ കൂട്ടേണ്ട ഗതികേടാണ് വന്നു ചേര്‍ന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഗ്യാലറിയില്‍ എത്തിക്കാന്‍ ഈ സൗജന്യത്തിന് പുറമേ വാഹനവും മറ്റ് ആകര്‍ഷണ സംവിധാനങ്ങള്‍ കൂടി ഒരുക്കേണ്ടി വരും. കാരണം ഇന്ത്യയുടെ മത്സരങ്ങള്‍ രാത്രി എട്ടു മണിയോടെയാണ് നടക്കുന്നതെന്നതിനാല്‍ വിദ്യാര്‍ത്ഥികളെ സ്റ്റേഡിയത്തില്‍ എത്തിക്കാനും കൊണ്ടുവിടാനും വാഹനം കൂടി നല്‍കേണ്ടി വരും. അതേസമയം ഒക്ടോബര്‍ ആറിന് തുടങ്ങുന്ന ലോകകപ്പിന്റെ വേദികളില്‍ ഒന്നായ കൊച്ചിയില്‍ ടിക്കറ്റ് ഇല്ലാത്ത സ്ഥിതിയാണ്.
കടുത്ത ഫുട്ബോള്‍ ആരാധകരുള്ള കേരളത്തില്‍ ബ്രസീലും സ്പെയിനും കൊറിയയും നൈജറുമാണ് കളിക്കാന്‍ വരുന്നത്. കൊച്ചിയില്‍ ഒക്ടോബര്‍ 7 ന് നടക്കുന്ന ലോകകപ്പിലെ ഗ്ളാമര്‍ പോരാട്ടങ്ങളില്‍ ഒന്നായി വിലത്തുന്ന ബ്രസീല്‍ സ്പെയിന് പോരാട്ടത്തിന് ടിക്കറ്റ് ഓണ്‍ലൈനില്‍ കിട്ടാത്ത സ്ഥിതിയുണ്ട്. ഒക്ടോബര്‍ 10 ന് നടക്കുന്ന ബ്രസീലിന്റെയും സ്പെയിന്റെയും രണ്ടാമത്തെ മത്സരത്തിലെയും ടിക്കറ്റുകള്‍ വിറ്റു പോയി. 60,000 കാണികളെ ഉള്‍ക്കൊള്ളുന്നതാണ് കൊച്ചിയിലെ സ്റ്റേഡിയം രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റേഡിയമാണ്.





