
കൊച്ചി: സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകളില്‍ മുഖ്യസ്ഥാനമാണ് സോളാര്‍ കേസിനുള്ളത്. തട്ടിപ്പിലൂടെ കോടിക്കണക്കിനു രൂപയാണു നിരവധി പേര്‍ക്ക് നഷ്ടമായത്. കടലാസു കമ്പനിയുടെ മറവില്‍ സരിത നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് സംസ്ഥാന രാഷ്ട്രീയത്തെയും പിടിച്ചുലച്ചിരുന്നു. കേരളത്തിലും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ വിവിധ പ്രദേശങ്ങളിലും സൗരോര്‍ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്തായിരുന്നു സോളാര്‍ തട്ടിപ്പ്.
ബിജു രാധാകൃഷ്ണന് സി.എം.ഡിയായി രൂപീകരിച്ച ടീം സോളാര്‍ കമ്പനിയുടെ മറവിലായിരുന്നു വന്‍ സാമ്പത്തിക തട്ടിപ്പ് അരങ്ങു തകര്‍ത്തത്. രാഷ്ട്രീയ ഭരണ ഉദ്യോഗസ്ഥ തലങ്ങളിലെ പ്രമുഖരുടെ സഹായം ടീം സോളാറിനു ലഭിച്ചതോടെ സമീപ കാലത്തു നടന്ന തട്ടിപ്പുകളില്‍ വലുതായി ഇതുമാറി. വ്യവസായ പ്രമുഖരടക്കം പലരില്‍നിന്നു കോടിക്കണക്കിനു രൂപയാണ് സോളാറിന്റെ മറവില്‍ തട്ടിയെടുത്തത്. എഴുപതോളം പേര് തട്ടിപ്പിനിരയായി.
കോടികളാണ് ഈ ഇനത്തില്‍ ടീം സോളാറിനു ലഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതോളം കേസുകളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ചില കേസുകളില്‍ സരിതയെയും ബിജു രാധാകൃഷ്ണനെയും വിചാരണ കോടതി ശിക്ഷിച്ചിരുന്നു. ഭൂരിപക്ഷത്തിന്റെയും വിചാരണ പുരോഗമിക്കുകയാണ്. കേസില്‍ ബിജു രാധാകൃഷ്ണന് ഒന്നാംപ്രതിയും സരിത നായര്‍ രണ്ടാം പ്രതിയുമാണ്. തട്ടിപ്പ് നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം നടത്തിയെന്ന ആരോപണം പുറത്തുവന്നതോടെയാണു കേസ് രാഷ്ട്രീയശ്രദ്ധ നേടിയത്.
എല്‍.ഡി.എഫ്. നടത്തിയ രാപകല്‍ സമരത്തിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തികതട്ടിപ്പുകളും അന്വേഷിക്കാന്‍ റിട്ട. ജഡ്ജി ജസ്റ്റിസ് ജി. ശിവരാജനെ ചെയര്‍മാനാക്കി അന്വേഷണ കമ്മിഷനെ നിയമിച്ചത്.
കമ്മിഷന് ഓഫ് എന്‍ക്വയറി ആക്ട് അനുസരിച്ചാണ് വിസ്താരങ്ങളും വാദങ്ങളും തെളിവ് ശേഖരണവുമെല്ലാം നടത്തിയത്. 2015 ജനുവരി 12ന് ആരംഭിച്ച സാക്ഷി വിസ്താരം 2017 ഫെബ്രുവരി 15-നാണ് അവസാനിച്ചത്. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ തുടങ്ങി എം.എല്‍.എമാര്‍, എം.പിമാര്‍, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, പരാതിക്കാര്‍ തുടങ്ങി പ്രമുഖരായ നിരവധി പേരെയാണു കമ്മിഷന് വിസ്തരിച്ചത്.
മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി എം.പി, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന് മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, ഹൈബി ഈഡന്, മോന്‍സ് ജോസഫ്, ബെന്നി ബെഹ്നഹനാന്, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പോലീസ് മേധാവിയായിരുന്ന കെ.എസ് ബാലസുബ്രഹ്മണ്യം, മുന്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്, കെ. പത്മകുമാര്‍ എന്നിവരെയും കമ്മിഷന് വിസ്തരിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് തുടങ്ങിയവരും കമ്മിഷനു മുന്നിലെത്തി തെളിവ് നല്കി.
തെളിവെടുപ്പു പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് തട്ടിപ്പിന് സഹായം നല്‍കിയതായ വിവരം പുറത്തുവന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ സോളാര്‍ കമ്പനി ഉടമയായ സരിത എസ്. നായരുമായി ടെലിഫോണില്‍ സംഭാഷണം നടത്തിയതിന്റെ രേഖകളും പുറത്തുവന്നു.






