
തിരുവനന്തപുരം: കേരളം ആകാംഷയോടെ കാത്തിരുന്ന സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ഒടുവില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. നാലു വര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് ജസ്റ്റീസ് ജി.ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വൈകാതെ സര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
നാലു ഭാഗങ്ങളായുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷന്റെ കണ്ടെത്തല്‍, ശിപാര്‍ശ, നിര്‍ദേശങ്ങള്‍, സാക്ഷിമൊഴികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നവയാണ് ഈ ഭാഗങ്ങള്‍. റിപ്പോര്‍ട്ട് ആദ്യം മന്ത്രിസഭാ പരിശോധിച്ച് അംഗീകരിക്കണം. പിന്നീട് നിയമോപദേശത്തിനായി മുഖ്യമന്ത്രി നിയമ സെക്രട്ടറിയുടെ പരിശോധനയ്ക്കായി കൈമാറും. തുടര്‍ന്നായിരിക്കും കമ്മീഷന് ശിപാര്‍ശകളില്‍ നടപടി വേണമോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുക. പിന്നീട് മന്ത്രിയുടെ അനുമതിയോടെ നിയമസഭയില്‍ വയ്ക്കും.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം 3.30 ഓടെ കമ്മീഷന് മടങ്ങി. മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മടങ്ങും മുന്‍പ് ജസ്റ്റീസ് ജി.ശിവരാജന് മാധ്യമങ്ങളെ നാല് വോള്യങ്ങളുള്ള റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
കമ്മീഷന് ചുമതല ഭംഗിയായി നിര്‍വഹിച്ചു. ഏല്പിച്ച പണി ചെയ്തുകഴിഞ്ഞതില് സംതൃപ്തിയുണ്ട്. തനിക്ക് ഒരു ഭീഷണിയും നേരിടേണ്ടിവന്നില്ലെന്നും ഗസ്റ്റ് ഹൗസില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചു. നിങ്ങള്‍ നേരെ സെക്രട്ടേറിയറ്റിലേക്ക് ചെല്ലൂ. പ്രതികരണം അവിടെ ആരായൂ എന്നായിരുന്നു ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ ആരോപണമായിരുന്നു സോളാര്‍ കേസ്. ആറ് പരിഗണനാ വിഷയങ്ങളാണ് അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നത്. 2013 ഒക്ടോബറില്‍ ആണ് ജുഡീഷ്യല്‍ അന്വേഷണത്തിന് റിട്ട. ജസ്റ്റീസ് ജി.ശിവരാജനെ സര്‍ക്കാര്‍ നിയമിച്ചത്. മൂന്നു വര്‍ഷവും 11 മാസവും നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
217 പേരെ വിസ്തരിച്ച് 8400ല്‍ അധികം പേജുള്ള മൊഴിപ്പകര്‍പ്പ് ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്.






