
കോട്ടയം: കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെന്ന ആരോപണമാണ് കേരളത്തെ ഞെട്ടിച്ച സോളാര്‍ തട്ടിപ്പ്. നൂറോളം പേര്‍ക്ക് എഴുപതിനായിരം മുതല്‍ അന്‍പതുലക്ഷം രൂപ വരെയാണ് നഷ്ടപ്പെട്ടുവെന്നാണ് ആക്ഷേപം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്തു എന്നതാണ് പ്രധാന ആരോപണം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മുതല്‍ എം.എല്‍.എമാരും ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലില്‍ ആയ സംഭവമാണിത്. കേരളം ആകാംഷയോടെ കാത്തിരുന്ന അന്വേഷണ റിപ്പോര്‍ട്ട് ആണ് ഇന്ന് ജസ്റ്റീസ് ജി.ശിവരാജന് കമ്മീഷന് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
ടീം സോളാര്‍ എന്ന പേരില്‍ കമ്പനി രുപീകരിച്ച് സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. 2013 ജൂണിലാണ് ആരോപണം പുറത്തുവന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും അവിഹിത കഥകളും കൊണ്ട് സമ്പന്നമായിരുന്നു പിന്നീടുള്ള നാളുകള്‍. നിരവധി വ്യക്തികളില്‍ നിന്ന് കോടികണക്കിന് രൂപ തട്ടിയെടുത്തുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് അതിന്റെ കേന്ദ്രമെന്നും വെളിപ്പെടുത്തലുണ്ടായി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയും സരിതയും തമ്മിലുള്ള ബന്ധം മാധ്യമ ചര്‍ച്ചയായി. ഡല്‍ഹിയിലെത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടി വിജ്ഞാന്‍ഭവനില്‍ വച്ച് സരിതയെ കണ്ടു എന്നും ഡല്‍ഹിയില്‍ എത്തുമ്പോഴെല്ലാം തോമസ് കുരുവിള വഴി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമായിരുന്നു ആരോപണങ്ങളില്‍ പ്രധാനം.
ബിജു രാധാകൃഷ്ണന് കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളും പിന്നീട് പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാര്‍ കൈമാറിയ ചെക്ക് വണ്ടിച്ചെക്ക് ആയിരുന്നുവെന്നും അതിന്റെ പേരില്‍ കേസെടുക്കുന്നത് ഉമ്മന്‍ ചാണ്ടി തന്നെയാണ് തടഞ്ഞതെന്നും ആരോപണം ഉയര്‍ന്നു.
സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജിക്കുമോന്, സലിംരാജ്, ടെന്നി ജോപ്പന് എന്നീ ജീവനക്കാര്‍ സഹായം ചെയ്തു എന്നതാണ് മറ്റൊരു ആരോപണം. അന്നത്തെ പി.ആര്.ഡി ഡയറക്ടര്‍ക്കെതിരെ ആരോപണം ഉയര്‍ന്നു. ഇവരെയെല്ലാം പിന്നീട് സര്‍വീസില്‍ നിന്ന് നീക്കി. ജൂണ്‍ 28ന് ജോപ്പന് അറസ്റ്റിലായി.
പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാനായി സരിതയും ടെന്നി ജോപ്പനുമായി അഞ്ചു കോടി രുപയുടെ കരാറുണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് കൈമാറിയതായും ആരോപണം ഉയര്‍ന്നതോടെയാണ് കേസ് കൂടുതല്‍ ചൂടുപിടിച്ചത്. 1.04 കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പ്രവാസി വ്യവസായി ടി.സി മാത്യൂവാണ് പരാതി ഉന്നയിച്ച മറ്റൊരു പ്രമുഖന്. ആരോപണങ്ങള്‍ പുരോഗമിക്കുന്നതിനിടെ ജൂലായ് 17ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തര്‍ രാജിവച്ചു.
2013 ജൂണ്‍ ആദ്യവാരം സരിത എസ്. നായര്‍ അറസ്റ്റിലായി. അട്ടക്കുളങ്ങര ജയിലില്‍ വച്ച് അവര്‍ എഴുതി കത്തിനെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഡി.ഐ.ജി അടക്കമുള്ളവരുടെ രഹസ്യ സന്ദര്‍ശനവും വാര്‍ത്തയായി. തന്നെ പീഡിപ്പിച്ചവരുടെ പട്ടിക ഉള്‍പ്പെടുന്ന കത്തായിരുന്നു അത്. 22 പേജുള്ള കത്താണിതെന്ന് ആദ്യം റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പുറത്തുവന്നത് നാലു പേജുള്ള കത്തായിരുന്നു. അട്ടക്കുളങ്ങര ജയിലില്‍ വച്ച് സരിതയുടെ മൊഴിമാറ്റാനും അധികൃതര്‍ ശ്രമം നടത്തിയെന്നും പരാതി ഉയര്‍ന്നു.
ബിജു രാധാകൃഷ്ണുമായുള്ള ബന്ധത്തെ തുടര്‍ന്ന് സിനിമാ-സീരിയല്‍ നടിയും വിവാദത്തിന്റെ ഭാഗമായി. സരിതയുമായി ഫോണ്‍ വിളി നടത്തിയ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും പട്ടിക പുറത്തുവന്നതും കേരളം കൗതുകത്തോടെയാണ് കണ്ടത്. 2014 ഫെബ്രുവരി 21ന് സരിത ജയില്‍ മോചിതയായി.
സര്‍ക്കാരിനെ ഏതുവിധത്തിലും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷമായ എല്‍.ഡി.എഫ് സമരം ആരംഭിച്ചു. 2013 ഓഗസ്റ്റ് 12ന് എല്‍.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം നടന്നു. ഓഗസ്റ്റ് 13ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചു. ഇതേതുടര്‍ന്ന് എല്‍.ഡി.എഫ് സമരം പിന്‍വലിച്ചു.
ഒക്ടോബര്‍ 23ന് മുന്‍ ഹൈക്കോടതി ജഡ്ജി ജി.ശിവരാജനെ സോളാര്‍ കമ്മീഷന് ചെയര്‍മാനായി നിയമിച്ച് തീരുമാനമായി. പിന്നീടും അഞ്ചു മാസം കഴിഞ്ഞാണ് കമ്മീഷനുള്ള ഓഫീസും മറ്റ് സൗകര്യങ്ങളും അനുവദിച്ചത്. 2014 മാര്‍ച്ച് മൂന്നിന് കമ്മീഷന് പ്രവര്‍ത്തനം ആരംഭിച്ചു.
2016 ജനുവരി 25ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ 14 മണിക്കൂര്‍ കമ്മീഷന് തുടര്‍ച്ചയായി വിസ്തരിച്ചത് വലിയ വാര്‍ത്തയായിരുന്നു.






