
ആരാധകര്‍ കാത്തിരുന്ന ബോക്സോഫീസ് യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകള്‍ ഏറെ ആവേശഭരിതമായിരുന്നു. ഫാന്‍സുകാരുടെ ആവേശവും ആഘോഷവുമായി വര്‍ണ്ണാഭമായ തുടക്കത്തില്‍ രാമനുണ്ണി കുതിക്കുകയും സുജാത കിതയ്ക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു എങ്ങും. എന്നാല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മഞ്ജു വാര്യരുടെ സുജാതയെ കൈവിടാന്‍ ആരാധകര്‍ തയ്യാറല്ല എന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ആദ്യ ഷോകളില്‍ ദിലീപിന്റെ രാമലീല പലയിടത്തും ഹൗസ്ഫുള് ആയിരുന്നു. എന്നാല്‍ സുജാതയെത്തിയ തീയറ്ററുകളിലെ കണക്കുകള്‍ പരിതാപകരമായിരുന്നു. 191 തീയറ്ററുകളിലെത്തിയ രാമലീലയുടെ 40ലധികം തീയറ്ററുകള്‍ ഹൗസ്ഫുള് ആയിരുന്നെന്നാണ് സൂചനകള്‍. സര്‍ക്കാര്‍ തീയറ്ററുകളില്‍ രാമനുണ്ണിക്ക് പ്രവേശനവുമില്ലായിരുന്നു. എന്നാല്‍ സുജാതയ്ക്ക് പകുതിയിലധികം സീറ്റുകള്‍ പലയിടത്തും ആദ്യ ഷോയില്‍ ഒഴിഞ്ഞു കിടന്നു. തിരുവനന്തപുരം ശ്രീയില്‍ 330 സീറ്റില്‍ 196ല്‍ മാത്രമായിരുന്നു പ്രേക്ഷകര്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഇപ്പോള്‍ സുജാത ലീഡ് നില ഉയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനത്ത് രാവിലെ സുജാത പതുങ്ങിയെങ്കിലും ശ്രീ, ഏരിസ് പ്ലസ് തീയറ്ററുകളില്‍ വൈകുന്നേരമുള്ള ഷോകള്‍ ഹൗസ്ഫുള് ആയി കഴിഞ്ഞു. കുടുംബ പ്രേക്ഷകരാണ് സുജാതയെ തേടിയെത്തുന്നത്. എന്നാല്‍ ഇത് രാമലീലയെ പുറകിലാക്കുന്നില്ല. ശ്രീകുമാര്‍, ധന്യ, ഏരിസ് പ്ലസ് തീയറ്ററുകളില്‍ ഇന്നത്തെ ഷോകള്‍ ഹൗസ്ഫുള് ആകും. ആദ്യ ദിവസം ഫാന്‍സുകാരാണ് രാമലീലയെ ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 40 തീയറ്ററുകളില്‍ ആദ്യ ഷോ ആരാധകര്‍ ഹൗസ്ഫുള് ആക്കിയിരുന്നു. ആദ്യ ദിവസത്തെ ആവേശ കണക്കുകള്‍ മാറ്റി നിര്‍ത്തിയാല്‍ വിജയം ആര്‍ക്കൊപ്പം എന്നത് നാളെ മുതലേ വ്യക്തമാകൂ.






