ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ എ.ബി വാജ്പേയിയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിലില്ല. ലഖ്നൗവിലെ ബസ്ബന്ദിയിലെ വിലാസത്തിലാണ് വാജ്പേയി വോട്ടേഴ്സ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതുക്കിയ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ല. ലഖ്നൗ മുനിസിപ്പല്‍ കോര്പ്പറേഷന് കീഴില്‍ വരുന്ന പട്ടികയിലാണ് അദ്ദേഹമുണ്ടായിരുന്നത്.
മോഹന്‍ ഹോട്ടലിന് പിന്നിലുള്ള രാജേന്ദ്ര സ്മൃതി ഭവനിലാണ് വാജ്പേയി താമസിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ പട്ടികയില്‍ നിന്നും അദ്ദേഹം പുറത്തായി. വര്‍ഷങ്ങളായി ഈ വിലാസത്തില്‍ താമസിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പട്ടികയില്‍ നിന്നും വാജ്പേയിയെ ഒഴിവാക്കിയത്. രാജേന്ദ്ര സ്മൃതി ഭവന് ഇപ്പോള്‍ കിസാന്‍ സംഘിന്റെ ഓഫീസായി പ്രവര്‍ത്തിച്ചു വരികയാണ്.
വോട്ടര്‍ പട്ടികയിലെ 1054-ാം നമ്പരുകാരനായിരുന്നു അദ്ദേഹം. 2000ത്തിലെ അദ്ദേഹം അവസാനമായി തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 2004ന് ശേഷം അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടില്ല. പ്രായാധിക്യത്തിന്റെ അവശതകള്‍ തളര്‍ത്തിയ വാജ്പേയി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്.






