
കാഠ്മണ്ഡു: മനുഷ്യവകാശ പ്രവര്‍ത്തകരെയും ബാലാവകാശവാദികളെയും നിശബ്ദമാക്കിക്കൊണ്ടു നേപ്പാള്‍ പരമ്പരാഗത ആചാരമായ ജീവിച്ചിരിക്കുന്ന പുതിയ ദൈവത്തെ തെരഞ്ഞെടുത്തു. മൂന്ന് വയസ്സുകാരി തൃഷ്ണാ ഷാക്കിയയെയാണ് നേപ്പാളിലെ പുതിയ 'കുമാരി'. കഴിഞ്ഞ ദിവസം 'ദേവതാ' അവരോധന ചടങ്ങിന് വേണ്ടി കുഞ്ഞിനെ മാതാപിതാക്കളില്‍ നിന്നും ഏറ്റെടുത്ത് കാഠ് മണ്ഡുവിലേക്ക് കൊണ്ടുപോയി. നിലവിലെ ദൈവമായിരുന്ന മാറ്റിനാ ഷാക്യ വയസ്സറിയിച്ച സാഹചര്യത്തിലാണ് പുതിയ ദേവിയെ തെരഞ്ഞെടുത്തത്.
നേപ്പാളിലെ ഹിന്ദു സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന ആചാരത്തില്‍ 21 ദിവസത്തിനിടെ മൂന്ന് പേരില്‍ നിന്നുമായിരുന്നു തൃഷ്ണയെ തെരഞ്ഞെടുത്തത്. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കുമായി കാഠ്മണ്ഡുവിലെ പൗരാണിക ദര്‍ബാറിലേക്ക് കുട്ടിയെ കൊണ്ടുപോയി. പ്രായപൂര്‍ത്തിയാകുന്നത് വരെ കുട്ടി ഇവിടെ താമസിക്കും. ദേവതയായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞിന് ഇനി വര്‍ഷത്തില്‍ 13 ദിവസം മാത്രമായിരിക്കും പുറത്തിറങ്ങാന്‍ കഴിയുക. ആടുകളേയും കാളകളേയും ബലി കഴിച്ച് നടത്തുന്ന പൂജയ്ക്കൊടുവിലായിരുന്നു തെരഞ്ഞെടുപ്പ്.
പരമ്പരാഗതമായി നിഷ്ക്കര്‍ഷിച്ചിരിക്കുന്ന 32 യോഗ്യതകള്‍ ചേരുന്ന കുട്ടികളെയാണ് ദേവിയായി തെരഞ്ഞെടുക്കുക. പിന്നീട് ഇവരില്‍ നിന്നും ഒരാളെ കണ്ടെത്തുന്നതാണ് രീതി. ആല് പോലെയുള്ള ശരീരം, പശുവിനെപ്പോലെയുള്ള കണ്പീലി, താറാവിന്റേത് പോലെ മൃദുവും വ്യക്തവുമായ ശബ്ദവും തുടങ്ങിയവ ഈ യോഗ്യതയില്‍ ചിലതാണ്. ദേവിയെ നഗരത്തിലൂടെ പൂജിച്ചുകൊണ്ടാണ് വരവേല്‍ക്കുക. അതേസമയം തിരിച്ചറിയാത്ത പ്രായത്തില്‍ കുട്ടികളെ കുടുംബത്തില്‍ നിന്നും വേര്‍പെടുത്തി വിദ്യാഭ്യാസത്തിന് പോലും അവകാശം നിഷേധിക്കപ്പെടുന്ന ഈ ആചാരത്തിനെതിരേ അനേകരാണ് രംഗത്ത് വന്നിരിക്കുന്നത്.
2008 ല്‍ ഹിന്ദു രാജവംശം അവസാനിച്ചപ്പോള്‍ ഈ ആചാരത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കരുത് എന്ന് നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ദേവീ ചുമതലയില്‍ നിന്നും മാറുന്ന കുട്ടികള്‍ സമൂഹത്തിലേക്ക് പെട്ടെന്ന് ഇറങ്ങേണ്ടി വരുന്നതിന്റെ അപാകത നേരത്തേ അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.






