സംസ്ഥാനത്ത് അതിതീവ്ര മഴ പ്രളയസമാന സാഹചര്യം സൃഷ്ടിച്ച് വ്യാപക നാശനഷ്ടം വിതച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായത്. ഉരുൾപൊട്ടലും കനത്ത മഴയും ഈ മേഖലകളെ രൂക്ഷമായി ബാധിച്ചു.പത്തനംതിട്ട റാന്നിയിൽ പമ്പയാർ കരകവിഞ്ഞതോടെ ടൗണും ജനവാസ മേഖലകളും വെള്ളത്തിനടിയിലായി. മഴ തുടരുന്നതിനാൽ പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മലപ്പുറത്തും ഒറ്റരാത്രികൊണ്ട് പെയ്ത കനത്ത മഴ വെള്ളപ്പൊക്കത്തിനും വ്യാപക നാശനഷ്ടങ്ങൾക്കും ഇടയാക്കി.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ ഏഴ് പേർ മരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് 24-കാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിൽ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും, കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.
മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് അബ്ദുൽ മുഹൈനി (3), ആദം അയ്മൻ (4) എന്നീ കുട്ടികൾക്കും ജീവൻ നഷ്ടമായി. വയനാട് പടിഞ്ഞാറെത്തറയിൽ വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബെന്നി മരിച്ചു. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തി.
ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയെ തുടർന്ന് ഡാമുകളിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. മൂഴിയാർ, കല്ലാർകുട്ടി, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, നെയ്യാർ, മംഗലം എന്നീ ആറ് ഡാമുകളിൽ റെഡ് അലർട്ട് നിലവിലുണ്ട്.
പമ്പ, മണിമല നദികളിൽ ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനിടെ വിവിധ ജില്ലകളിൽ വിനോദസഞ്ചാരം പൂർണമായി നിരോധിക്കുകയും മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. ജാഗ്രത പാലിക്കാനും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പിന്തുടരാനും മുഖ്യമന്ത്രിയും ദുരന്തനിവാരണ അതോറിറ്റിയും അഭ്യർഥിച്ചു.

Comments