
തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിന്റെ പേരും. പ്രതികള്‍ ഉദയഭാനുവിന്റെ പേര് പറഞ്ഞിട്ടുണ്ടെന്ന് പോലീസ്. രാജീവിനെ തട്ടിക്കൊണ്ട് പോയത് അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണ്. ഉദയഭാനുവിനെതിരെ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജീവിനെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകന്‍ ചക്കര ജോണി അടക്കമുള്ളവര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. രാജ്യം വിടാന്‍ തയ്യാറെടുക്കവെ പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്നുമാണ് ഇയാളെയും കൂട്ടാളി രഞ്ജിത്തിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ചാലക്കുടി സ്വദേശിയേയും, മുരിങ്ങൂര്‍ സ്വദേശികളായ മൂന്നു പേെരും നേരത്തെ കസ്റ്റഡിയിലുണ്ട്. രാജീവിനെ തട്ടിക്കൊണ്ട് പോകുന്നതിനടക്കം കൊട്ടേഷന്‍കാരെ നിയമിച്ചത് ചക്കര ജോണിയാണ്. ഉദയഭാനു കൂടി ഉള്‍പ്പെട്ട ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് രാജീവിനെ ആക്രമിക്കാന്‍ കാരണം. എന്നാല്‍ അഭിഭാഷകന്റെ പങ്ക് സംബന്ധിച്ച് പറഞ്ഞ് പഠിപ്പിച്ചത് പോലുള്ള മൊഴികളാണ് ജോണിയും കൂട്ടാളിയും നല്‍കുന്നതെന്നാണ് പോലീസ് നല്കിയ വിവരം.
അതിനിടെ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ മകന് അഖില്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു. കൊട്ടേഷന്‍ പിന്നില്‍ ജോണിയാണ്. ഉദയഭാനുവിനും കൊട്ടേഷനെക്കുറിച്ച് അറിയാമായിരുന്നെന്നും അഖില്‍ മൊഴി നല്കി. ഉദയഭാനു ഉള്‍പ്പെട്ട ഭൂമി ഇടപാടിന്റെ രേഖകളും അഖില്‍ പോലീസിന് കൈമാറിയിട്ടുണ്ട്.







Comments