കണ്ണൂര്‍: കേരളത്തില്‍ സി.പി.എമ്മിന്റെ വെല്ലുവിളി നേരിടാന്‍ താനും തന്റെ പ്രവര്‍ത്തകരും ധാരാളമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനരക്ഷാ യാത്രയുടെ മൂന്നാം ദിവസത്തെ പര്യടനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. മുഖ്യമന്ത്രിയുടെ നാട്ടിലൂടെയുള്ള ജനരക്ഷാ യാത്രയുടെ പര്യടനത്തില്‍ പങ്കെടുക്കാതെ അമിത് ഷാ ഡല്‍ഹിക്ക് മടങ്ങിയതിനെക്കുറിച്ചായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ നാട്ടില്‍ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ അമിത് ഷായ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരുമായും സുപ്രധാന ചര്‍ച്ചകള്‍ നടത്തേണ്ടതിനാല്‍ അമിത് ഷായ്ക്ക് വരാന്‍ കഴിഞ്ഞില്ല. രാവിലെയും അദ്ദേഹം വിളിച്ചിരുന്നു. ഇത്ര പ്രധാനപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ എന്ത് റിസ്ക് എടുത്തും വരാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട ചുമതലകള്‍ ഡല്‍ഹിയില്‍ നിര്വഹിക്കാനുള്ളപ്പോള് അമിത് ഷാ വരേണ്ട കാര്യമില്ല. ഇവിടെ സി.പി.എമ്മിന്റെ വെല്ലുവിളി നേരിടാന്‍ താനും പ്രവര്‍ത്തകരും ധാരാളം എന്ന് താന്‍ പറഞ്ഞതായും കുമ്മനം വെളിപ്പെടുത്തി.
കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നത് ബി.ജെ.പിയാണെന്ന് കുമ്മനം പറഞ്ഞു. ബി.ജെ.പി ജനരക്ഷാ യാത്ര പ്രഖ്യാപിച്ചപ്പോള്‍ ഉടന്‍ ഇടതുമുന്നണിയും ജാഥ പ്രഖ്യാപിച്ചു. ബി.ജെ.പിക്കെതിരെ സി.പി.എം ദേശീയ തലത്തില്‍ ജാഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലൊഴികെ മറ്റെവിടെയാണ് അവര്‍ക്ക് ജാഥ നടത്താന്‍ കഴിയുക. ജനരക്ഷാ യാത്ര തുടങ്ങിയതിന് ശേഷം ബി.ജെ.പിക്കെതിരെ എല്ലായിടത്തു നിന്നും വിമര്‍ശനമാണ്. അത് പാര്‍ട്ടിയുടെ ശക്തിയാണ് തെളിയിക്കുന്നതെന്നും കുമ്മനം.






