ഛണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് വിധിച്ചതിനെ തുടര്‍ന്ന് ദേര അനുകൂലികള്‍ നടത്തിയ കലാപത്തിന്റെ മുഖ്യ ആസൂത്രക ഹണിപ്രീത് ഇന്സാനെന്ന് ഹരിയാന പോലീസ്. ഗുമീതിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കലാപം സൃഷ്ടിച്ച് ആള്‍ദൈവത്തെ രക്ഷിക്കാന്‍ കോടതി വിധിക്ക് ഒരാഴ്ച മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് 17ന് ഹണിപ്രീതിന്റെ അധ്യക്ഷതയില്‍ സിര്‍സയിലെ ആശ്രമത്തില്‍ മീറ്റിംഗ് ചേര്‍ന്നിരുന്നു. കലാപം നടത്താനുള്ള ആസൂത്രണം ഈ യോഗത്തിലാണ് കൈക്കൊണ്ടത്. ഹണിപ്രീതിന് പുറമെ ഗുര്‍മീതിന്റെ ഏറ്റവും അടുത്ത അനുയായികളായ രാകേഷ് കുമാര്‍ അറോറ, പ്രീതം എന്നിവരും മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. അറോറ, ഗുര്‍മീതിന്റെ പ്രൈവറ്റ് സെക്രട്ടറിയും പ്രീതം മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനുമാണ്. ഇരുവരെയും പിന്നീട് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറോറയേയും പ്രീതത്തെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഹണിപ്രീതിന്റെ പങ്കാളിത്തം വ്യക്തമായത്. നേരത്തെ കലാപത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടാണ് ഹണിപ്രീത് സ്വീകരിച്ചിരുന്നത്. കലാപത്തെക്കുറിച്ച് ഹണിപ്രീതില്‍ നിന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പഞ്ച്കുള പോലീസ് കമ്മീഷണര്‍ എ.എസ് ചാവ്ല വ്യക്തമാക്കി. പക്ഷേ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് പഞ്ച്കുള കോടതിയില്‍ ഹാജരാക്കിയ ഹണിപ്രീതിനെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആറ് ദിവസം ഹണിപ്രീതിനെ വിശദമായി ചോദ്യം ചെയ്യും. 38 ദിവസം അവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.






