
അമ്മയിലെ വിവാദങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനിടെ ശ്വേത മേനോൻ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്താൻ ഒരുങ്ങുന്നു. ജൂൺ 26ന് ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കൊപ്പം ശ്വേത മാധ്യമങ്ങളെ കാണും. അഡ്ഹോക്ക് കമ്മിറ്റി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് സംഘടനയെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തുവിടാൻ സാധ്യതയുണ്ടെന്നാണ് സൂചന.
ഇതിനിടെ, മുതിർന്ന നടി മല്ലിക സുകുമാരൻ ഇന്നലെ അമ്മയിലെ അംഗത്വത്തിൽ നിന്ന് രാജിവെച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. താൻ ശ്വേത മേനോനൊപ്പമാണെന്ന് വ്യക്തമാക്കിയ ശേഷമാണ് മല്ലിക സുകുമാരൻ സംഘടനയിൽ നിന്ന് പിന്മാറിയത്.‘സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ നിന്നും. നിന്നും….സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം…ശ്വേതയ്‌ക്കൊപ്പം’ എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും മല്ലിക സുകുമാരന്‍ ശ്വേത മേനോനെ പിന്തുണച്ചിരുന്നു.
ശ്വേത മേനോനല്ല രാജിവെക്കേണ്ടിയിരുന്നതെന്നും, സംഘടനയുടെ ജനറൽ സെക്രട്ടറിയും ട്രഷററുമാണ് സ്ഥാനമൊഴിയേണ്ടിയിരുന്നതെന്നും മല്ലിക സുകുമാരൻ പ്രതികരിച്ചു. ഈ വിമർശനത്തിന് പിന്നാലെയാണ് താൻ അമ്മയിലെ അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണെന്ന് മല്ലിക സുകുമാരൻ പ്രഖ്യാപിച്ചത്.






