
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി മുന്നോട്ടുപോകുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ലഹരിക്കെതിരായ ബഹുജന മുന്നേറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ദൗത്യം നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇതുവരെ സംസ്ഥാനത്താകെ 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ കാര്യക്ഷമമായ അന്വേഷണത്തിനായി സംസ്ഥാനത്തെ 84 പൊലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
മയക്കുമരുന്ന് വ്യാപനത്തിന്റെ കാര്യത്തിൽ കേരളം നിലവിൽ പഞ്ചാബിനെപ്പോലും മറികടക്കുന്ന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, എന്നാൽ ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാനാകുമെന്ന ധാരണ സർക്കാരിനില്ലെന്നും പറഞ്ഞു. മയക്കുമരുന്നെന്ന സാമൂഹിക വിപത്തിനെ നേരിടാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണവും കൂട്ടായ പ്രവർത്തനവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള മികച്ച പിന്തുണയും സഹകരണവുമാണ് നിലവിൽ ഈ ദൗത്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.






