
കണ്ണൂർ: ജില്ലയിലെ മലയോര മേഖലയായ കേളകം പഞ്ചായത്തിലെ എട്ടാം വാർഡായ അമ്പായത്തോട് വെണ്ടയ്ക്കുംചാലിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിൽ കുടുങ്ങി. വട്ടക്കാട്ടിൽ കുഞ്ഞ് എന്നയാളുടെ റബർ തോട്ടത്തിൽ സ്ഥാപിച്ച കൂടിലാണ് തിങ്കളാഴ്ച രാത്രി പുലി അകപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്തെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച് ഭക്ഷിച്ചതോടെ നാട്ടുകാർ ആശങ്കയിലായിരുന്നു. പുലിയുടെ ആക്രമണത്തിൽ ഒരു ആട് ചാവുകയും ഒരു പശുക്കിടാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും ആവശ്യപ്രകാരം വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിക്കുകയായിരുന്നു.
ആടിനെ ഇരയാക്കി ഒരുക്കിയ കെണിയിലാണ് തിങ്കളാഴ്ച രാത്രി പുലി കുടുങ്ങിയത്. നേരത്തെ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചത്.
കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നെത്തിയ പുലിയാണ് ജനവാസ മേഖലയിലിറങ്ങി പിടിയിലായതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.






