
ന്യൂഡല്‍ഹി: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജോര്‍ജ്ജ്കുര്യന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭാംഗമായുള്ള കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കെയാണ് രാജി. പകരം കേരളത്തില്‍ നിന്നും ആരെയെങ്കിലും കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല.
മൂന്നാം മോദി മന്ത്രിസഭയില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് കൂടാതെ ന്യൂനപക്ഷകാര്യ വകുപ്പ് എന്നിവയുടെ സഹമന്ത്രിയായിരുന്നു. എന്നാല്‍ പുതിയതായുള്ള കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ലമെന്റംഗമാകാന്‍ മധ്യപ്രദേശില്‍ ആയിരുന്നു സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് ബി.ജെ.പി. നേരത്തേ തിരുമാനം എടുത്തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാന്‍ രാജ്യത്തുടനീളം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജോര്‍ജ്ജ് കുര്യന്‍ നേതൃത്വത്തിന് പ്രിയങ്കരനായത്. കേരളത്തിലെ ക്രിസ്ത്യാനികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൂടി പരിഗണിക്കുന്നതില്‍ ബിജെപി ലക്ഷ്യമിട്ടിരുന്നു.






