1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതി; ചേകന്നൂര്‍ മൗലവിയുടെ തിരോധാനം അടഞ്ഞ അധ്യായമല്ല: കുമ്മനം
1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതി; ചേകന്നൂര്‍ മൗലവിയുടെ തിരോധാനം അടഞ്ഞ അധ്യായമല്ല: കുമ്മനം
Authored by സ്വന്തം ലേഖകന്‍ | Last updated: 10 Oct 2017, 4:40 PM | 1 min read
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ജനരക്ഷായാത്ര പാലക്കാട് ജില്ലയിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ചേകന്നൂര്‍ മൗലവിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍.
ആനക്കര: ചേകന്നൂര്‍ മൗലവിയുടെ തിരോധാനം അടഞ്ഞ അധ്യായമല്ലെന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനരക്ഷായാത്ര പാലക്കാട് ജില്ലയിലേക്കു പ്രവേശിക്കുന്നതിനു മുമ്പു ചേകന്നൂര്‍ മൗലവിയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൗലവിയുടെ തിരോധാനത്തെക്കുറിച്ചു പുനരന്വേഷണം നടത്തണമെന്ന ആവശ്യം ബി.ജെ.പി. ഉന്നയിക്കും. ആരൊക്കെയാണ് ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുള്ളതെന്നും മൗലവിയുടെ മൃതദേഹമെവിടെ എന്നുമെല്ലാം സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്.
മലബാര്‍ ലഹള എന്നറിയപ്പെടുന്ന 1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണ്. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കുന്ന ഈ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം. ഇ.എം.എസിന്റെ കുടുംബം ഉള്‍പ്പെടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ 1921 ലെ കലാപത്തില്‍ പലായനം ചെയ്തിട്ടുണ്ട്. ഇപ്പോഴെങ്കിലും ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്മാരും സര്‍ക്കാരും തയാറാകണം.
അമിത് ഷായുടെ മകന് ഭരണത്തില്‍ നേട്ടമുണ്ടാക്കിയെന്ന് ആരോപണമുന്നയിച്ചവര്‍ തെളിവുമായി വരട്ടെ. ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ദേശീയ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുെസെന്, ജാഥ കോഓര്‍ഡിനേറ്റര്‍ മുരളീധരന് എന്നിവരും കുമ്മനത്തെ അനുഗമിച്ചു. ചേകന്നൂര്‍ മൗലവിയുടെ ഭാര്യ ഹവ്വാഉമ്മ, മകള്‍ റസിയ, മരുമകന് അയ്യൂബ് എന്നിവര്‍ വീട്ടിലുണ്ടായിരുന്നു.