
കണ്ണൂര്‍: രാജ്യതലസ്ഥാനം കേരളത്തിലേക്കു മാറ്റിയോ? ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കു പ്രവഹിക്കുന്ന കേന്ദ്രമന്ത്രിമാരെക്കണ്ടു 'സാദാ' ജനം ചോദിക്കുന്നതാണിത്.
ഉദ്ഘാടനത്തിനായി ഏതെങ്കിലുമൊരു കേന്ദ്രമന്ത്രിയുടെ വരവുകാത്ത് നിരവധി പദ്ധതികള്‍ വിവിധ ജില്ലകളില്‍ വിശ്രമിക്കുമ്പോഴാണു 'കവലപ്രസംഗത്തിനും ജാഥയില്‍ മുദ്രാവാക്യം വിളിക്കാനും മാത്രമായി മന്ത്രിപ്പട ദിവസേന കേരളത്തില്‍ വിമാനമിറങ്ങുന്നത്. അമിത് ഷാ ഉള്‍പ്പെടെ ബി.ജെ.പിയുടെ ദേശീയനേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വേറേ.
ഒരു ഔദ്യോഗികചടങ്ങില്പോലും പങ്കെടുക്കുന്നില്ലെങ്കിലും ഇവര്‍ക്കായി ചെലവഴിക്കുന്നതു പൊതുഖജനാവിലെ പണവും ഉപയോഗിക്കുന്നത് ഔദ്യോഗികസംവിധാനങ്ങളുമാണ്. ജില്ലാ പോലീസ് മോധാവിമാര്‍ നേരിട്ടാണു കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനവേളയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കേണ്ടത്. യാത്ര, താമസം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കുന്നതു സംസ്ഥാന ടൂറിസം വകുപ്പാണ്. 17 വരെ തുടരുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ നിരവധി കേന്ദ്രമന്ത്രിമാര്‍ ഇനിയും ഊഴം കാത്തിരിക്കുന്നു. യാത്രയില്‍ ദേശീയനേതാക്കളുടെ പങ്കാളിത്തത്തെക്കുറിച്ച് അവസാനനിമിഷമാണു ബി.ജെ.പി. കേന്ദ്രനേതൃത്വം വിവരം െകെമാറുന്നത്.
വന്നവരൊക്കെ രാഷ്ട്രീയം പ്രസംഗിച്ചതല്ലാതെ, കേരളത്തിന്റെ വികസനം സംബന്ധിച്ച് ഒരക്ഷരം ഉരിയാടിയില്ല. പാര്‍ട്ടി വളര്ത്താനായിപ്പോലും ഒരു വാഗ്ദാനവും നല്കിയുമില്ല. ബി.ജെ.പി. ജനരക്ഷായാത്രയ്ക്കു തുടക്കം കുറിച്ച കണ്ണൂരില്‍ മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലെ വിമാനത്താവളം, അഴീക്കല്‍ തുറമുഖം എന്നിവയുള്‍പ്പെടെ കേന്ദ്രസഹായം ആവശ്യമുള്ള നിരവധി പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. കേന്ദ്രമന്ത്രിമാരുടെ തീയതി കിട്ടാതെ അനിശ്ചിതത്വത്തിലായവ വേറേ. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ കേന്ദ്രസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിനു മുന്‍കേന്ദ്രമന്ത്രി വെങ്കയ്യാനായിഡുവിനെ കാത്തിരുന്നത് ആറുമാസമാണ്. മന്ത്രി എത്താത്തതിനാല്‍ പിന്നീട് ചടങ്ങ് പേരിനാക്കി നിര്‍മാണമാരംഭിച്ചു. നിര്‍മാണപ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ എത്തുമെന്ന് അറിയിച്ചിരുന്നതും വെറുതേയായി.
കേന്ദ്രമന്ത്രിമാരായ ആര്.കെ. സിങ്, അര്ജുന് റാം മേഘ്വാള്, ഡി.വി. സദാനന്ദ ഗൗഡ, ശിവപ്രസാദ് ശുക്ല, ധര്മേന്ദ്രപ്രധാന്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ആനന്ദ്കുമാര്‍, രവിശങ്കര്‍ പ്രസാദ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ക്കു പുറമേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, തെലങ്കാന എം.എല്‍.എ: രാമചന്ദ്ര റെഡ്ഡി എന്നിവരും കഴിഞ്ഞദിവസങ്ങളില്‍ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തി.
സ്മൃതി ഇറാനി, നിര്‍മല സീതാരാമന്, വി.കെ. സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ വരുംദിവസങ്ങളില്‍ യാത്രയുടെ ഭാഗമാകും. രാഷ്ട്രീയസന്ദര്ശനമായാല് പോലും ഒറ്റവരവില്‍ മറ്റ് ഔദ്യോഗികപരിപാടികളില്‍ പങ്കെടുക്കാനും സാധാരണയായി കേന്ദ്രമന്ത്രിമാര്‍ സമയം കണ്ടെത്താറുണ്ട്. എന്നാല്‍, യു.പി.എ. സര്‍ക്കാരില്‍ മലയാളികളായ ആറുമന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും കേരളത്തിന് എന്തു നേട്ടമുണ്ടായി എന്നാണു ബി.ജെ.പി. നേതാക്കളുടെ മറുചോദ്യം.






