
ന്യുഡല്‍ഹി: ബ്ലൂ വെയില് പോലെയുള്ള അപകടകരമായ ഗെയിമുകള്‍ തടയാന്‍ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണം. ബ്ലൂ വെയില് പോലെയുള്ള ഫയര്വാള്സിന്റെ സ്വാധീനത്തില്‍ നിരവധി പേര് ആത്മഹത്യ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. സമാനമായ കേസുകള്‍ പരിഗണിക്കുന്നതില്‍ ഹൈക്കോടതികള്‍ക്ക് മേല്‍ക്കോടതി നിയന്ത്രണവും ഏര്‍പ്പെടുത്തി.
ബ്ലൂ വെയില് ചലഞ്ച് ഗെയിമില്‍ പെട്ട് നിരവധി പേര് ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം പരിശോധിക്കാന്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഗൂഗ്ള്‍, ഫേസ്ബുക്ക്, വാട്സ്ആപ്, ഇന്‍സ്റ്റഗ്രാം, മൈക്രോസോഫ്ട്, യാഹൂ തുടങ്ങിയ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
കുട്ടികള്‍ക്കിടയില്‍ ഏറെ പ്രചരിച്ച ബ്ലൂവെയിലിന്റെ സ്വാധീനത്തില്‍ പലരും ആത്മഹത്യയിലേക്ക് നീങ്ങിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. പല ഘട്ടങ്ങളുള്ള ഗെയിമിന്റെ അവസാന ടാസ്ക് കളിക്കുന്നയാളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായിരുന്നു.






