
ന്യൂയോർക്ക്: ന്യൂയോർക്കിലെ യുണൈറ്റഡ് നേഷൻസ് (യുഎൻ) ആസ്ഥാനത്തിന് മുന്നിൽ തിബറ്റൻ പതാകയേന്തി സ്വയം തീ കൊളുത്തിയ യുവാവ് മരണത്തിനു കീഴടങ്ങി. വ്യാഴാഴ്ച വൈകുന്നേരമാണ് അതീവ ദാരുണമായ ഈ സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാൻഹാട്ടനിലെ ഈസ്റ്റ് 43 സ്ട്രീറ്റിനും ഫസ്റ്റ് അവന്യൂവിനും സമീപം വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. യുഎൻ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, യുവാവ് ഫുട്പാത്തിൽ തിബറ്റൻ പതാക സ്ഥാപിച്ച ശേഷമാണ് സ്വയം തീ കൊളുത്തിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഉടൻ തന്നെ ഇയാളെ ബെല്ലെവൂ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ‘ചൈന തിബറ്റിൽ നിന്ന് പുറത്തുപോവുക’ എന്ന് എഴുതിയ പ്രതിഷേധ ബോർഡും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
ലോബ്ഗ റങ്സെൻ എന്ന തിബറ്റൻ ആക്ടിവിസ്റ്റാണ് മരണപ്പെട്ടതെന്ന് 'വോയ്സ് ഓഫ് തിബറ്റ്' റിപ്പോർട്ട് ചെയ്തു. തിബറ്റിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇയാളുടെ പ്രതിഷേധം. സ്വയം അഗ്നിക്കിരയാവുന്നതിന് തൊട്ടുമുമ്പ് ഇയാൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തിബറ്റൻ സ്വാതന്ത്ര്യത്തിനായി ലൈവ് അഭ്യർത്ഥന നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് യുഎൻ ആസ്ഥാനത്തിന് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വർഷങ്ങളായി നിലനിൽക്കുന്ന ചൈന-തിബറ്റ് തർക്കത്തിന്റെ തുടർച്ചയായാണ് ഈ പ്രതിഷേധം. 1951-ലാണ് ചൈന തിബറ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നത്. ഈ നീക്കത്തെ "സമാധാനപരമായ മോചനം" എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്.
1959-ൽ ചൈനീസ് ഭരണത്തിനെതിരെ തിബറ്റിൽ വലിയ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഇതിനെത്തുടർന്ന് ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിൽ അഭയം തേടുകയും ഇന്ത്യയിലെ ധർമ്മശാലയിൽ ഒരു തിബറ്റൻ പ്രവാസി സർക്കാരും പാർലമെന്റും രൂപീകരിക്കുകയും ചെയ്തു. എന്നാൽ ഈ പ്രവാസി സർക്കാരിനെ ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല. പതിമൂന്നാം നൂറ്റാണ്ട് മുതൽ തിബറ്റ് ചൈനയുടെ ഭാഗമാണെന്നാണ് ബീജിംഗിന്റെ വാദം. എന്നാൽ ചൈനീസ് ലിബറേഷൻ ആർമി തിബറ്റിലേക്ക് പ്രവേശിക്കുന്ന കാലത്ത് തിബറ്റ് ഒരു സ്വതന്ത്ര രാജ്യമായിരുന്നുവെന്ന് ദലൈലാമയും തിബറ്റൻ അനുകൂലികളും വ്യക്തമാക്കുന്നു.






