ന്യുഡല്‍ഹി: സോളാര്‍ തട്ടിപ്പ് കേസില്‍ നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആശങ്ക. കേസ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. ഈ പ്രതിസന്ധി എങ്ങനെ നേരിടുമെന്ന് അറിയിക്കണമെന്നും രാഹുല്‍ ഗാന്ധി, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. സോളാര്‍ കേസ് രാഷ്ട്രീയമായ പകപോക്കലാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അതേപടി അംഗീകരിക്കില്ലെന്ന സൂചനയാണ് ഹൈക്കമാന്‍ഡിന്.
സോളാര്‍ അടക്കമുള്ള വിഷയങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തതായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന് വ്യക്തമാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേസ് നേരിടുന്നതിന് പാര്‍ട്ടി ഒറ്റക്കെട്ടായിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ആവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷം ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന് എന്നിവര്‍ കേരള ഹൗസില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി.
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം കേസില്‍പ്പെട്ടിരിക്കുകയാണ്. സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവാജന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡനക്കേസും എടുത്തിട്ടുണ്ട്. വിഷയം ബി.ജെ.പി ദേശീയതലത്തില്‍ പ്രചരണായുധമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹൈക്കമാന്‍ഡിന്റെ പ്രതികരണം.






