തിരുവനന്തപുരം: വേങ്ങരയില്‍ മുഖം രക്ഷിക്കാനായെങ്കിലും യു.ഡി.എഫിലും ലീഗിലും പ്രതിസന്ധി രൂക്ഷമാകും. ലീഗിനുള്ളിലെ പ്രശ്നങ്ങളും കോണ്‍ഗ്രസിന്റെ ശക്തിക്ഷയവും വരുംദിവസങ്ങളില്‍ മുന്നണിക്കുള്ളില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സൂചന. ഒരിക്കലുമില്ലാത്തതരത്തില് ലീഗിനുള്ളിലെ പ്രശ്നങ്ങള്‍ വേങ്ങരയില്‍ ബാധിച്ചുവെന്നാണ് തെരഞ്ഞെടുപ്പ്ഫലം സൂചിപ്പിക്കുന്നത്. അതോടൊപ്പം മലബാറില്‍ കോണ്‍ഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യം കൂടുതല്‍ ശക്തമാകും. ഇത് കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം രൂക്ഷമാക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. മാത്രമല്ല, ബി.ജെ.പിയുടെ ശക്തമായ വര്‍ഗ്ഗീയപ്രചരണം ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് എസ്.ഡി.പി.ഐക്കാണെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. എന്നാല്‍ ഇതൊക്കെ മറച്ചുവച്ചുകൊണ്ട് സി.പി.എം-ബി.ജെ.പി ബാന്ധവം എന്ന ദുര്‍ബലമായ വാദമുയര്‍ത്തി നിറംകെട്ട വിജയത്തെ ന്യായീകരിക്കാനാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രമം.
തെരഞ്ഞെടുപ്പ്ഫലത്തെ വലിയ വിജയമായി വിലയിരുത്തിക്കൊണ്ട് യു.ഡി.എഫ് ലീഗ് നേതൃത്വത്തങ്ങള്‍ രംഗത്തുവരുന്നുണ്ടെങ്കിലും ഈ ഫലം രാഷ്ട്രീയമായി സി.പി.എമ്മിനാണ് ഗുണംചെയ്തിരിക്കുന്നത്. കേരളത്തില്‍ ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മിന് മാത്രമേ കഴിയുകയുള്ളുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. വിജയം ഉണ്ടായെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 15,000ല്‍ പരം വോട്ടുകളുടെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് 18,000 വോട്ടുകളുടെയും കുറവാണ് ഭൂരിപക്ഷത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപരമായ വോട്ടുകളിലുണ്ടായ കുറവാണെന്ന് ഇപ്പോള്‍ വാദംഉയരുന്നതുതന്നെ ലീഗിലെ വിഭാഗീയതയുടെ സൂചനയാണെന്നാണ് വിവരം.
കെ.എന്‍.എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെ ആദ്യം കുഞ്ഞാലിക്കുട്ടി അംഗീകരിച്ചിരുന്നില്ല. മാത്രമല്ല, ലീഗിനുള്ളില്‍ തന്നെ വലിയ എതിര്‍പ്പ് ഇക്കാര്യത്തില്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടെ പ്രചരണത്തില്‍ പാര്ട്ടിപിന്നോക്കം പോയി എന്നതാണ് സത്യം. അതിന്റെ പഴി വരുംനാളുകളില്‍ കുഞ്ഞാലിക്കുട്ടിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ലീഗിലെ അദ്ദേഹത്തിന്റെ വിരുദ്ധരുടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടാകും. അതുപോലെ നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തി സീറ്റ് പിടിച്ചെടുത്തുവെന്നതിന് കെ.എന്‍.എ ഖാദറും പ്രതിക്കൂട്ടിലാകും.
ഇതിനെക്കാളും പരിതാപകരമാകും ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധവും. മണ്ഡലത്തില്‍ ലീഗ് വോട്ടുകളെക്കാള്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടായിയെന്നാണ് ലീഗിന്റെ വിശകലനം. ഇത് കോണ്‍ഗ്രസിന് വല്ലാത്ത തിരിച്ചടിയാകും. ഇത്തരത്തിലുള്ള വിശകലനം സൂചിപ്പിക്കുന്നത് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ഭൂരിപക്ഷസമുദായങ്ങളിലെ നല്ലൊരുവിഭാഗവും ബി.ജെ.പിയെ അല്ല സി.പി.എമ്മിനെയാണ് പിന്തുണയ്ക്കുന്നത് എന്നാണ്. മണ്ഡലത്തിലെ 30,000ല്‍ പരംഹിന്ദുവോട്ടുകളില് കണ്ണുവച്ചുകൊണ്ട് ബി.ജെ.പി നടത്തിയ പ്രചരണംപാളിയെന്നതാണ് ഈ വിധി നല്കുന്ന പാഠം. വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെ തങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് ഹിന്ദുസമൂഹം ഒറ്റകെട്ടായി തന്നെ വിലയിരുത്തിയിരിക്കുകയാണ്. അതാണ് കഴിഞ്ഞതവണ ലഭിച്ചതിനെക്കാള്‍ ബി.ജെ.പിക്ക് 2000,ല്‍ പരം വോട്ട് കുറയാനുള്ള കാരണം. ഈ വോട്ടുകള്‍ സി.പി.എമ്മിന് പോയി എന്നതും ഏറെക്കുറെ വ്യക്തമാണ്.
എന്നാല്‍ ഇതിനെക്കാളൊക്കെ വലിയ ആശങ്കയുണ്ടാക്കുന്ന ഒരു വസ്തുതയും ഈ ഫലത്തിനുള്ളിലുണ്ട്. എസ്.ഡി.പി.ഐ പോലുള്ള ഒരു കക്ഷിയുടെ മുന്നേറ്റം. ബി.ജെ.പിയെ നാലാംസ്ഥാനത്ത് തള്ളിക്കൊണ്ട് മൂന്നാം സ്ഥാനം അവര്‍ പിടിച്ചെടുക്കുകയായിരുന്നു. ഇത് മറ്റാരെക്കാളും ആശങ്കയിലാക്കുന്നത് ലീഗിനെയാണ്. ലീഗിന്റെ മതേതരനിലപാടുകളാണ് എക്കാലത്തും ഇത്തരം വര്‍ഗ്ഗീയകക്ഷികളെ ചെറുത്തുനിര്ത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ ലീഗിലുണ്ടായ മാറ്റങ്ങളാണ് മലബാറില്‍ ഇത്തരത്തില്‍ തീവ്രസ്വഭാവമുള്ള കക്ഷികളുടെ ശാക്തീകരണത്തിന് വഴിവയ്ക്കുന്നത്. ലീഗിലുണ്ടാകുന്ന നയവ്യതിയാനങ്ങള് അവര്‍ക്ക് തന്നെ പാരയാകുമെന്നും അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമുള്ള സൂചനയാണ് ഇതിലൂടെ സംഭവിക്കുന്നത്. ബി.ജെ.പിയുടെ വര്ഗ്ഗീയപ്രചരണത്തോടൊപ്പം ഇതിനെയും ചെറുത്തുതോല്‍പ്പിക്കുകയെന്ന ദൗത്യമാണ് ഇനി ഇവര്‍ക്ക് മുന്നിലുള്ളതും.
വിജയത്തില്‍ വലിയ ആഹ്ളാദം പ്രകടിപ്പിക്കുമ്പോഴും തെരഞ്ഞെടുപ്പ് കണക്കുകള്‍ ലീഗിനേയും യു.ഡി.എഫിനെയും വല്ലാതെ തുറിച്ചുനോക്കുകയാണ്. കഴിഞ്ഞ തവണ കേരളത്തിലാകെ യു.ഡി.എഫിനെതിരെ ശക്തമായ വികാരം നിലകൊള്ളുമ്പോഴാണ് വേങ്ങരയില്‍ നിന്നും കുഞ്ഞാലിക്കുട്ടി 38,000 ലധികം വോട്ടിന് വിജയിച്ചത്. കേരളത്തില്‍ യു.ഡി.എഫിന്റെ മോശം പ്രകടനങ്ങളില്‍ ഒന്നും കൂടിയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്. അപ്പോഴാണ് സംസ്ഥാനത്തെതന്നെ ഏറ്റവും തിളിക്കമേറിയ വിജയം ലീഗിനുണ്ടായത്.
നിലവില്‍ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. പിണറായി സര്‍ക്കാരിനെതിരെ ദിനംപ്രതി ആരോപണങ്ങളുമായി യു.ഡി.എഫ് സമരമുഖത്താണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി സര്‍ക്കാരിനെ വല്ലാതെ പ്രതിരോധത്തിലാക്കുകയായിരുന്നു യു.ഡി.എഫ്. അത്തരത്തില്‍ പ്രതിരോധത്തില്‍ നില്ക്കുന്ന പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്ന് യു.ഡി.എഫ് തന്നെ പറയുന്ന ഒരു സര്‍ക്കാരിനെതിരെയുള്ള പ്രചരണമാണ് വേങ്ങരയില്‍ നടന്നത്. എന്നിട്ടുപോലും ഉദ്ദേശിച്ച വിജയം നേടാനായില്ല. ഇക്കുറി ഏകദേശം 4000 ത്തോളം പുതിയ വോട്ടര്‍മാരാണ് മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത്. മാരതമല്ല, 8000 പേര് കൂടുതലായി വോട്ടുചെയ്യുകയും ചെയ്തു. ഇതൊക്കെയുണ്ടായിട്ടും ലീഗിന്റെ വോട്ടില്‍ 8000ല്‍ പരം വോട്ട് കുറഞ്ഞു. കഴിഞ്ഞതവണ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിന്റെ അത്രവോട്ടുപോലും നേടാതിരുന്ന സി.പി.എം ഇക്കുറി 8000 വോട്ട് അധികം നേടി. എസ്.ഡി.പി.ഐ ഇത്തവണ 8684 വോട്ടുകള്‍ നേടി. അതുപോലെ ബി.ജെ.പിക്ക് 1500ല്‍ പരം വോട്ട് കുറയുകയും ചെയ്തു.
ഇത് വ്യക്തമായ ചില സൂചനകളാണ് നല്‍കുന്നത്. പുതുതായി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ട യുവതലമുറയില്‍ ഭൂരിഭാഗവും സി.പി.എമ്മിനേയും എസ്.ഡി.പി.ഐയേയുമാണ് പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാകുകയാണ്. അതുപോലെ ലീഗിലെ നല്ലൊരുവിഭാഗം എസ്.ഡി.പി.ഐയിലേക്ക് മാറുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അതേസമയം മണ്ഡലത്തിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള മറ്റ് യു.ഡി.എഫ് കക്ഷികളുടെ വോട്ടുകള്‍ സി.പി.എമ്മിലേക്ക് വരികയും ചെയ്യുന്നു. ബി.ജെ.പിക്ക് കഴിഞ്ഞ നിയമസഭാ-ലോക്സഭാതെരഞ്ഞെടുപ്പുകളില് നിന്നും നഷ്ടപ്പെട്ട ഏകദേശം 1500 ഓളം വരുന്ന വോട്ടുകളും സി.പി.എമ്മിലേക്കാണ് വരുന്നത്. ഇതാണ് യു.ഡി.എഫിനെ അലട്ടുന്നതും.
പ്രശ്നം യു.ഡി.എഫിനുള്ളിലെ പ്രതിസന്ധി വഷളാക്കും കോണ്‍ഗ്രസ് ചതിച്ചുവെന്നാണ് ഇപ്പോള്‍ തന്നെ ലീഗ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. മണ്ഡലത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത നേതൃത്വത്തെയും അവര്‍ കുറ്റപ്പെടുത്തുന്നു. ഒപ്പം സോളാര്‍ റിപ്പോര്‍ട്ടും ഉള്പ്പെടെയുളള് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലീഗ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുമെന്നതില് തര്‍ക്കമില്ല.






