
ഓസ്ട്രിയൻ ആൽപ്സ് പർവതനിരകൾക്ക് മുകളിലൂടെ പാരാഗ്ലൈഡിംഗ് ചെയ്യുകയായിരുന്നു ആ 44-കാരി. ആകാശത്തിന്റെ വന്യമായ ഭംഗി ആസ്വദിച്ച്, കാറ്റിനൊപ്പം ഒഴുകിനടന്ന നിമിഷങ്ങൾ, പെട്ടെന്നാണ് അപ്രതീക്ഷിതമായത് സംഭവിച്ചത്...മരണം ചിറകുവിരിച്ചെത്തിയപോലെ ഒരു ചെറുവിമാനം അവളുടെ പാരാഗ്ലൈഡറിന്റെ കാനോപ്പിയിൽ (വിരിഞ്ഞുനിൽക്കുന്ന പാരച്യൂട്ട് ഭാഗം) വന്നിടിച്ചു!
വിമാനത്തിന്റെ പ്രൊപ്പല്ലറുകൾ അവളുടെ പാരാഗ്ലൈഡറിനെ കീറിമുറിച്ചു കളഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട അവൾ ആയിരക്കണക്കിന് അടി ഉയരത്തിൽ നിന്നും താഴേക്ക് തലകീഴായി മറിഞ്ഞ്, കറങ്ങിത്തിരിഞ്ഞ് വീഴാൻ തുടങ്ങി. താഴെ നോക്കിയാൽ അഗാധമായ താഴ്വര! മരണം തൊട്ടുമുന്നിൽ.
സൽസ്ബർഗ് സ്റ്റേറ്റ് പോലീസ് പറയുന്നതനുസരിച്ച്, ശനിയാഴ്ച സാൽസ്ബർഗിലെ പീസെൻഡോർഫ് പ്രദേശത്തിന് മുകളിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൺമുന്നിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട പാരാഗ്ലൈഡറെ വെട്ടിമാറ്റാൻ തനിക്ക് സാധിച്ചില്ലെന്നാണ് 28-കാരനായ വിമാന പൈലറ്റ് അധികൃതരോട് പറഞ്ഞത്.
പക്ഷേ, ആ സ്ത്രീ അസാമാന്യ ധൈര്യശാലിയായിരുന്നു. ആകാശച്ചുഴിയിൽ പെട്ട് താഴേക്ക് പതിക്കുമ്പോഴും അവൾ പരിഭ്രാന്തയായില്ല. ഒരു പരിചയസമ്പന്നയായ പാരാഗ്ലൈഡറുടെ മനോധൈര്യത്തോടെ അവൾ തന്റെ ജീവൻ രക്ഷിക്കാനുള്ള 'റിസർവ് പാരച്യൂട്ട്' വലിച്ചു തുറന്നു!
കീറിപ്പറിഞ്ഞ ഗ്ലൈഡറിന്റെ അവശിഷ്ടങ്ങൾ അവളുടെ ഹാർനെസ്സിൽ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. എങ്കിലും, റിസർവ് പാരച്യൂട്ട് കൃത്യസമയത്ത് വിടർന്നത് അവളുടെ വീഴ്ചയുടെ വേഗത കുറച്ചു. താഴെയുള്ള കാട്ടുചെടികളിൽ തട്ടാതെ, അതിസാഹസികമായി അവൾ ഒരു വനപാതയ്ക്ക് സമീപമുള്ള പുൽത്തകിടിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു!
പിന്നീട് പോലീസ് ഹെലികോപ്റ്റർ എത്തി അവളെ സെൽ ആം സീ എയർപോർട്ടിലേക്ക് മാറ്റി. അത്ഭുതമെന്നു പറയട്ടെ, ഈ ഭയപ്പെടുത്തുന്ന അപകടത്തിൽ ഇരുവിഭാഗത്തിനും പരിക്കുകളൊന്നും പറ്റിയില്ല.
ഈ ദൃശ്യങ്ങളെല്ലാം അവളുടെ ക്യാമറയിൽ കൃത്യമായി പതിഞ്ഞിരുന്നു. വിമാനം വന്നിടിക്കുന്നതും, ഗ്ലൈഡർ തകരുന്നതും, അവൾ സമചിത്തതയോടെ എമർജൻസി പാരച്യൂട്ട് തുറക്കുന്നതുമെല്ലാം ആ വീഡിയോയിൽ കാണാം. മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ അവൾ പിന്നീട് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു:
"ഇവിടെയിരുന്ന് ഞാനിത് ടൈപ്പ് ചെയ്യുന്നുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ചെറിയ ചില ചതവുകളല്ലാതെ എനിക്ക് മറ്റ് പരിക്കുകളൊന്നുമില്ല."






