
പുഷ്കർ: രാജസ്ഥാനിലെ ക്ഷേത്ര നഗരമായ പുഷ്കറിലെ ജനങ്ങൾ ഇപ്പോൾ അപൂർവമായ ഒരു ധ്യാനത്തിന്റെ കാഴ്ചയിൽ മറ്റെല്ലാം മറന്നിരിക്കുകയാണ്. കാറ്റിൽ പറന്നുയരുന്ന ചൂടുള്ള ചാരം, ഉണങ്ങിയ ചാണക വരളികൾ കത്തിയെരിയുന്ന ഒൻപത് അഗ്നികുണ്ഡങ്ങൾ, ആ ജ്വലിക്കുന്ന വൃത്തത്തിന്റെ നടുവിൽ ആഴത്തിലുള്ള ധ്യാനത്തിൽ ഇരിക്കുന്ന ഒരു വിദേശ വനിത! ഇതാണ് ഇപ്പോൾ നാട്ടുകാരെയും സഞ്ചാരികളെയും ഒരേപോലെ പിടിച്ചുനിർത്തുന്ന കാഴ്ച.
റഷ്യയിൽ നിന്ന് വരികയും പിന്നീട് രാജസ്ഥാനിൽ വെച്ച് നാഥ് പാരമ്പര്യത്തിലേക്ക് ദീക്ഷ സ്വീകരിക്കുകയും ചെയ്ത യോഗിനി അന്നപൂർണ്ണ നാഥ് ആണ് ഈ സ്ത്രീ. മെയ് 3-ന് ആരംഭിച്ച ഇവരുടെ 'അഗ്നി തപസ്യ' (അഗ്നി പ്രായശ്ചിത്തം) മെയ് 25 വരെ തുടരും. ദിവസവും രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കനലുകൾക്കും കടുത്ത ചൂടിനും നടുവിലാണ് ഇവർ ഈ ആചാരം അനുഷ്ഠിക്കുന്നത്.
അജ്മീർ-പുഷ്കർ റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ചാൽ വിശുദ്ധ ബാബ സീതാറാം ദാസിന്റെ സമാധിസ്ഥലത്ത് എത്താം. ഇവിടെയാണ് യോഗിനി അന്നപൂർണ നാഥ് അഗ്നിപ്രായശ്ചിത്തം ചെയ്യുന്നത്. മുള്ളുകമ്പിയാൽ സുരക്ഷിതമാക്കിയ പ്രദേശത്തിനുള്ളിൽ നാലുപാടും നിന്ന് തീജ്വാലകൾ ഉയരുന്നത് കാണാൻ സാധിക്കും. അവിടുത്തെ താപനില ഏകദേശം 48°C ആയി അനുഭവപ്പെടുന്നു എന്നാണ് സന്ദർശകർ പറയുന്നത്. ഭസ്മം (ചാരം) പൂശിയ അന്നപൂർണ്ണ നാഥും അവരുടെ ഗുരു ദീപക് നാഥും ജ്വലിക്കുന്ന ആ വൃത്തത്തിന് നടുവിലാണ് ധ്യാനത്തിൽ മുഴുകിയിരിക്കുന്നത്. മൂന്ന് മണിക്കൂർ കഴിയുമ്പോൾ ഇരുവരും സ്വയമേ ധ്യാനത്തിൽ നിന്ന് ഉണരുകയാണ് ചെയ്യുന്നത്.
2005 ജനുവരിയിലാണ് ഒരു വിനോദസഞ്ചാരിയായി ആണ് അന്നപൂർണ നാഥ് ഇന്ത്യയിൽ വന്നത്. അന്ന് പുഷ്കറിൽ വന്നപ്പോൾ ഇവിടെയുള്ള നാഥ് ബാബാമാരെ കണ്ടുമുട്ടി. ഇന്ത്യയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇവിടുത്തെ മണ്ണാണ് അതിനു മുന്നിൽ എല്ലാം വിസ്മൃതിയിലാവുമെന്നും അന്നപൂർണ നാഥ് അവകാശപ്പെടുന്നു.






