
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹറ അറിയിച്ചു. സമാധാനം ഉറപ്പാക്കുന്നതിനും അതിക്രമങ്ങളും പൊതുമുതല്‍ നശീകരണവും തടയുന്നതിനും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതിക്രമത്തിനും പൊതുമുതല്‍ നശീകരണത്തിനുമുള്ള എതൊരു ശ്രമത്തെയും കര്‍ശനമായി നേരിടണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നതിനെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. കെ.എസ്.ആര്.ടി.സി വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കും. കോടതികള്‍, ഓഫീസുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പോലീസ് സംരക്ഷണം നല്‍കും.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ അവസാനിക്കുന്നതുവരെ അതിക്രമങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് ജാഗ്രത പുലര്‍ത്തണമെന്നും ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണി ഉപയോഗം അനുവദിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കും. പൊതുമുതലിനും വസ്തുവകകള്‍ക്കും നാശനഷ്ടം വരുത്തിയാല്‍ നഷ്ടപരിഹാരത്തിന് സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്യാനുള്ള നടപടികളും സ്വീകരിക്കും.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും സുസജ്ജമായി രംഗത്തിറങ്ങണമെന്നും പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് സമാധാനം ഉറപ്പാക്കുന്നതിനും അതിക്രമങ്ങള്‍ ഒഴിവാക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.






