
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടൂര്‍ ഗോപാലകൃഷ്ണന്റെ വിധേയന്റെ സെറ്റില്‍ മമ്മൂട്ടിയോടൊപ്പമുണ്ടായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന് രവി വള്ളത്തോള്‍. ഷൂട്ടിങിനിടെ അടൂരിന്റെ ശ്രദ്ധ തിരിക്കാനാണ് മമ്മൂട്ടി രവിയെ കരുവാക്കിയത്. മമ്മൂട്ടിയുമൊത്തുളള ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ച് പങ്കുവെയ്ക്കവെയാണ് രവിയുടെ വെളിപ്പെടുത്തല്‍.
വിധേയന്റെ ചിത്രീകരണം മംഗലാപുരത്തു നിന്നും അമ്പതു കിലോമീറ്റര്‍ അകലെ പുത്തൂരിലായിരുന്നു നടന്നിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണനാണ് സംവിധായകന്. അടൂര്‍ സാറിന്റെ സെറ്റില്‍ പേടിയോടെയാണ് അഭിനയിക്കുന്നത്. ഭാസ്കരപട്ടേലരായി മമ്മൂട്ടി റെഡിയായി കഴിഞ്ഞു. അനന്തിരവന്റെ വേഷമായിരുന്നു എനിക്ക്. എന്നാല്‍ ഷൂട്ടിംഗിനിടയില്‍ മമ്മൂക്കയുടെ മുഖം ആകെ വല്ലാതായിരിക്കുന്നു. എന്തായെന്ന് തിരക്കിയപ്പോള്‍ 'കുറച്ചു മുമ്പ് ഇവിടെ എത്തിയതേയുള്ളൂ. ദുല്‍ഖറിന് മഞ്ഞപ്പിത്തമാണ്. ബോംബെയില്‍ നിന്നു വരുന്ന വഴി മദ്രാസില്‍ ഇറങ്ങണമെന്നു വിചാരിച്ചതാ. പക്ഷേ അടൂര്‍ സാര്‍ സമ്മതിച്ചില്ല. അവനെ കാണാത്തതില്‍ വല്ലാത്തൊരു വിഷമം.' മനസില്‍ ദേഷ്യമിരട്ടിക്കുന്നത് മുഖത്ത് കാണാം. എന്നാലും ഒന്നും പറയാതെ തയ്യാറായി നില്‍ക്കുകയാണ്.
ഞാനും മമ്മൂക്കയും തമ്മിലുള്ള ഡയലോഗ് സീനാണ് എടുക്കേണ്ടത്. കന്നഡയിലാണ് ഡയലോഗ്. മംഗലാപുരത്തെ ഒരു കോളെജില്‍ നിന്നെത്തിയ പ്രൊഫസറാണ് ഞങ്ങളെ ഡയലോഗുകള്‍ പഠിപ്പിച്ചത്. അടൂര്‍ സാര്‍ ആക്ഷന്‍ പറഞ്ഞു. ആദ്യം എന്റെ ഡയലോഗ്. അതിന് മമ്മൂക്ക മറുപടി പറയുന്നതിനിടെ ഇടയ്ക്കുള്ള ചെറിയ പോര്‍ഷന്‍ മറന്നുപോയി. അത് അറിയാതിരിക്കാന്‍ അദ്ദേഹം മുഖം ചെറുതായൊന്നു തിരിച്ചു. പക്ഷേ ഓരോ സൂക്ഷ്മാംശവും നിരീക്ഷിക്കുന്ന അടൂര്‍ സാര്‍ അതു കണ്ടുപിടിച്ചു. റീടേക്ക് എടുത്തിട്ടും അതേ അവസ്ഥ.
മമ്മൂട്ടി മുഖം തിരിക്കുന്നതെന്തിനാണ്? അടൂര്‍ സാര്‍ ചോദിച്ചപ്പോള്‍ മമ്മൂക്ക വിഷയം മാറ്റാന്‍ ശ്രമിച്ചു. സാര്‍ അത് മുഖം തിരിച്ചതല്ല. രവി മേക്കപ്പിട്ടിട്ടുണ്ടോ എന്നൊരു സംശയം? മമ്മൂക്ക പറഞ്ഞതു കേട്ടപ്പോള്‍ ഞാനാകെ വിറച്ചുപോയി. ആ സിനിമയില്‍ മേക്കപ്പിടരുതെന്ന് അടൂര്‍ സാറിന്റെ പ്രത്യേകം നിര്‍ദേശമുണ്ടായിരുന്നു.
'രവി അതു ചെയ്യില്ലല്ലോ. എന്നാലും നോക്കാം.' അടൂര്‍സാര്‍ എന്റെ മുഖത്ത് വിരല്‍കൊണ്ടു തൊട്ടുനോക്കി. 'ഉണ്ട് സാര്‍ ഇട്ടിട്ടുണ്ട്.' മമ്മൂക്ക ഉറപ്പിച്ചു പറഞ്ഞു. ഞാനാകെ വല്ലാതായി. പക്ഷേ അടൂര്‍ സാറിനു കാര്യം പിടികിട്ടി. 'രവിക്ക് ഇപ്പോഴുള്ള മേക്കപ്പ് മുകളില്‍ നിന്ന് കൊടുത്തിട്ടുള്ളതാണ്. അതു മാറ്റാന്‍ നമുക്കൊന്നുമാവില്ല.' അടൂര്‍സാറിന്റെ നര്‍മ്മം കേട്ട് എല്ലാവരും ചിരിച്ചു. പക്ഷേ ആ അവസ്ഥയില്‍ എനിക്കു ചിരിക്കാന്‍ കഴിഞ്ഞില്ല. ഷോട്ട് കഴിഞ്ഞയുടന്‍ തന്നെ മമ്മൂക്ക എന്റടുത്തേക്കു വന്നു. വിട്ടുകള, രവീ, അടൂര്‍ സാറിനോട് അതെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ പെട്ടുപോയേനെയെന്ന് പറഞ്ഞു.






