
കൊച്ചി: ചാലക്കുടിയിലെ വസ്തുകച്ചവട ഇടപാടുകാരന് രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപമുള്ള ഓഫീസിലും പോലീസ് പരിശോധന നടത്തുന്നു. തൃശൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നുമുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിാേശധന നടത്തുന്നത്. രാജീവ് വധത്തില്‍ ഉദയഭാനുവിനെ ഏഴാംപ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.
രാജീവിന്റെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് പരിശോധന എന്നാണ് സൂചന. ഉദയഭാനുവുമായി ബന്ധപ്പെട്ട ചില വസ്തു ഇടപാടുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ രാജീവിന്റെ പക്കലുണ്ടായിരുന്നു. ഇതു പിടിച്ചെടുക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.
ഉദയഭാനുവും കൊല്ലപ്പെട്ട രാജീവും തമ്മില്‍ സൗഹൃദത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്. രാജീവിന്റെ അങ്കമാലിയിലെ വസതിയില്‍ ഉദയഭാനു പലവട്ടം ചെന്നതിന്റെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തതിന്റെ വിശദാംശങ്ങളും പോലീസ് രേഖകളിലുള്‍പ്പെടുന്നു. നാലു പ്രതികള്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ രാജീവുമായി നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ എത്തിയതെന്നാണു പോലീസ് കേസ്. പരിയാരം തവളപ്പാറയില്‍ കോണ്‍വെന്റ് ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ 29-നാണ് രാജിവിന്റെ മൃതദേഹം കണ്ടെത്തിയത്. രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബലമായി രേഖകളില്‍ ഒപ്പിടുവിക്കുകയായിരുന്നു ലക്ഷ്യമെന്നും ബലപ്രയോഗത്തിനിടെ മരണം സംഭവിച്ചെന്നുമാണു കേസ്.







Comments