
തലശ്ശേരി : ബംഗുളൂരുവില്‍ 35 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ സീരിയല്‍ താരം തലശ്ശേരിയില്‍ വ്യാജ പേരില്‍ ജോലി ചെയ്തിരുന്നതായി പോലീസിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ ധര്‍മടം ചിറക്കുനിയിലെ രൈരുനായരുടെ വീട്ടിലാണ് കോഴിക്കോട് സ്വദേശിനി തനൂജ (24) സുമതി എന്ന പേരില്‍ രണ്ടു വര്‍ഷത്തോളം ജോലി ചെയ്തത്. ബംഗുളൂരുവില്‍ നിന്ന് കവര്‍ന്ന തൊണ്ടി മുതലുകള്‍ കണ്ടടുക്കുന്നതിനും തെളിവെടുപ്പിനുമായി തലശ്ശേരിയിലെ സഹകരണ ബാങ്കില്‍ എത്തിച്ചപ്പോഴാണ് രൈരുനായരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന കാര്യം തനൂജ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജപ്പേരിലാണ് ജോലി ചെയ്തിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
എന്തിനാണ് പേരുമാറ്റി ജോലി ചെയ്തത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. സുമതി എന്ന പേരില്‍ ധര്‍മടത്തെ സഹകരണ ബാങ്കില്‍ ഇവര്‍ അക്കൗണ്ടും ആരംഭിച്ചിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇവര്‍ സ്ഥിരമായി തലശ്ശേരി ടൗണിലേയ്ക്ക് പോയിരുന്നതായി അന്വേഷണത്തില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് തിക്കോടിയിലുള്ള സുഹൃത്ത് വഴിയാണ് രൈരുനായരുടെ വീട്ടില്‍ തനൂജ എത്തുന്നത്. ഈ സമയം മറ്റൊരു ജോലിക്കാരിയും വീട്ടില്‍ ഉണ്ടായിരുന്നു. തനൂജയുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്ന് തനിക്ക് മൊബൈല്‍ കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തനൂജ ജോലി ഉപേക്ഷിച്ച് പോകുകയായിരുന്നു. തലശ്ശേരി ടെമ്പിള്‍ പുതിയ റോഡിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് കേരള-കര്‍ണാടക പോലീസ് ടീം തനൂജയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 28 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ബംഗുളൂരു കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്ന് 35 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്.






