അപര്‍ണ റോയ് വേഗറാണി; ആന്‍സ്റ്റിന്‍ ജോസഫ് ഷാജി വേഗരാജാവ്
അപര്‍ണ റോയ് വേഗറാണി; ആന്‍സ്റ്റിന്‍ ജോസഫ് ഷാജി വേഗരാജാവ്
Authored by Web Desk | Last updated: 21 Oct 2017, 3:44 PM | 1 min read
അപര്‍ണ റോയ്; ഫോട്ടോ: ഗോകുല്‍ മുരളി
പാലാ: 61ാം സ്കൂള്‍ കായിക മേളയില്‍ ട്രാക്കിലെ വേഗറാണിയേയും വേഗരാജാവിനെയും കായിക കേരളം തിരിച്ചറിഞ്ഞു. അപര്‍ണ റോയ് വേഗറാണിയും ആന്‍സ്റ്റിന്‍ വേഗരാജാവുമായി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ അപര്‍ണ റോയ് സ്വര്‍ണം നേടി. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സിലെ വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ. 12.49 സെക്കന്റ് ആണ് സമയം. ജോസ് കെ.മാണി എം.പി പ്രഖ്യാപിച്ച സ്വര്‍ണപതക്കവും അപര്‍ണ നേടി. തിരുവനന്തപുരം സായിയുടെ കെ.എം നിഭയാണ് രണ്ടാമത്. ആലപ്പുഴയുടെ രേഷ്മ ജി.യാണ് മൂന്നാമത്.
ആന്‍സ്റ്റിന്‍ ജോസഫ് ഷാജി, ഫോട്ടോ: ഗോകുല്‍ മുരളി
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. തിരുവനന്തപുരം സായിയുടെ ആന്‍സ്റ്റിന്‍ ജോസഫ് ഷാജി വേഗമേറിയ താരമായപ്പോള്‍ എറണാകുളത്തിന്റെ നിബിന് രണ്ടാമതെത്തി.
വി.നേഹ, ഫോട്ടോ: ഗോകുല്‍ മുരളി
സംസ്ഥാന സ്കൂള്‍ മീറ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ വിഭാഗത്തില്‍ പറളി സ്കൂളിന്റെ് വി.നേഹ സ്വര്‍ണം നേടി. കോഴിക്കോട് പുല്ലൂരാംമ്പാര സെന്റ് ജോസഫ്സ് എച്ച്.എസിലെ സാനിയ ട്രീസ ടോമിക്കാണ് ഈ ഇനത്തില്‍ വെള്ളി.
ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ എറണാകുളത്തിന്റെ താങ്ജം സിംഗ് സ്വര്‍ണം നേടി. മണിപ്പൂരി വിദ്യാര്‍ത്ഥിയാണ് താങ്ജം. കോട്ടയത്തിന്റെ റെനന്‍ ഇമ്മാനുവേല്‍ തോമസ് ആണ് രണ്ടാമത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അഭിനവ് സി. സ്വര്‍ണ്ണക്കുതിപ്പ് നടത്തി. തിരുവനന്തപുരം സായിയില്‍ നിന്നുള്ള താരമാണ് അഭിനവ്. കഴിഞ്ഞ തവണ 100, 200 മീറ്ററില്‍ വിജയിയായിരുന്നു അഭിനവ്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സിലെ അരുണ്‍ എ.സിയാണ് രണ്ടാമത്.