
ഇളയ ദളപതി വിജയ് നായകനായ ദീപാവലി റിലീസ് ചിത്രം മെര്‍സല്‍ വിജയക്കുതിപ്പ് തുടരുന്നതിനിടെ വൈദ്യുത മന്ത്രി എംഎം മണി ചിത്രം കാണാനെത്തി. ബിജെപിയുടെ മുറവിളിയെ തുടര്‍ന്ന് രംഗങ്ങള്‍ മുറിച്ച് മാറ്റും മുമ്പ് ചിത്രം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ചിത്രത്തിനെതിരെ ബിജെപി രംഗത്തെത്തിയത് കൊണ്ട് മാത്രം നിരവധി പേരാണ് ചിത്രം കാണാന്‍ തിയറ്ററിലെത്തുന്നത്. കൂടാതെ പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങളും ചിത്രത്തിന് മുതല്‍കൂട്ടായി. കഴിഞ്ഞ ബുധനാഴ്ച റിലീസ് ചെയ്ത ചിത്രം അന്ന് മാത്രം വാരിയത് 43.3 കോടി രൂപയാണ്. ഇന്ത്യയില്‍ 4500 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം ഏകദേശം 95 ശതമാനം കാണികളോടെയാണ് എല്ലായിടത്തും പ്രദര്‍ശനം തുടരുന്നത്. രണ്ടാം ദിനമായ വ്യാഴാഴ്ചയും കൂടി 70 കോടിയാണ് ചിത്രം നേടിയതെന്നാണ് വിവരം. അതായത് ഒരാഴ്ച്ച തികയും മുമ്പ് ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയെന്നാണ് വിവരം. ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ക്കെതിരെ ബിജെപി രംഗത്ത് വന്നതും ചിത്രത്തിന്റെ മൈലേജ് വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
സമകാലീന വിഷയങ്ങളെ കുറിച്ചുളള ചര്‍ച്ച കൂടിയാണ് ചിത്രമെന്ന് തിരിച്ചറിഞ്ഞവരാണ് ഇപ്പോള്‍ ചിത്രം കാണാനായി തിയേറ്ററുകളില്‍ ക്യൂ നില്‍ക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ബിജെപിയുടെ കടന്നുകയറ്റം ആരോപിച്ചും ചിത്രത്തിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് കാണാനായി തിയേറ്ററിലെത്തിയത്. വരും ദിവസങ്ങളിലും ചിത്രം നിറഞ്ഞ സദസുകളില്‍ പ്രദര്ശിക്കുമെന്നാണ് ഇത് നല്കുന്ന സൂചന.
നിലവില്‍ തമിഴ്നാട്ടില്‍ കബാലിയുടേയും വിവേഗത്തിന്റേയും റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ത്തിട്ടുണ്ട്. ചിത്രം 200 കോടിയും കടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വിദേശത്തും ചിത്രം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അമേരിക്കയില്‍ വിവേഗത്തിന്റെ റെക്കോര്‍ഡും ചിത്രം പിന്നിലാക്കി.
സമകാലീന ഇന്ത്യയിലെ വിവിധ പ്രശ്നങ്ങളില്‍ മെര്‍സല്‍ സിനിമ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. 7% ജിഎസ്ടി ഉള്ള സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.






