ന്യൂഡല്‍ഹി: കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കിയ പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. പട്ടികയില്‍ സമവായം വേണമെന്നും കെ.പി.സി.സിയെ ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ താല്‍പ്പര്യമില്ലെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
ഭാരവാഹി പട്ടികയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി അറിയിച്ചു. തന്റെ എതിര്‍പ്പ് തെരഞ്ഞെടുപ്പ് സമിതിയെ രാഹുല്‍ അറിയിച്ചു. പട്ടിക തയ്യാറാക്കാനായി എം.പിമാരുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കണമെന്ന് രാഹുല്‍ നിര്ദ്ദേിച്ചുവെന്നാണ് വിവരം. സാമുദായിക സംവരണം പാലിക്കണമെന്നും കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വസ്നികുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം എടുക്കണമെന്നും രാഹുല്‍ തെരഞ്ഞെടുപ്പ് സമിതിക്ക് നിര്‍ദ്ദേശം നല്കി.
പുനസംഘടനയില്‍ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ച കാണിക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. അതിന് തയ്യാറായില്ലെങ്കില്‍ പട്ടിക അംഗീകരിക്കില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ധിക്കാരപരമാണ്. വിട്ടുവീഴ്ചയില്ലെങ്കില്‍ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി ചേരുമെന്നും ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്കി. ഹൈക്കമാന്‍ഡ് നിലപാട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.എം ഹസനെ അറിയിച്ചു.
33 ശതമാനം വനിതാ സംവരണം വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം പാലിക്കാതെ 5 ശതമാനം മാത്രമാണ് വനിതകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ സംവരണവും യുവജന പ്രാതിനിധ്യവും പാലിച്ചിട്ടില്ല. എം.പിമാരും മുതിര്‍ന്ന നേതാക്കളും നിര്‍ദ്ദേശിച്ചവരെ ഉള്പ്പെടുത്താതിരുന്നതിലെ അതൃപ്തിയും കോണ്‍ഗ്രസില്‍ പുകയുന്നുണ്ട്.






