ചെന്നൈ: വിജയ് ചിത്രമായ മെര്‍സല്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ചിത്രത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പാണ് താന്‍ കണ്ടതെന്ന് വെളിപ്പെടുത്തി വെട്ടിലായിരിക്കുകയാണ് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്. രാജ. താന്‍ ഇന്റര്‍നെറ്റിലാണ് ചിത്രം കണ്ടതെന്നാണ് രാജയുടെ വെളിപ്പെടുത്തല്‍. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജയുടെ വെളിപ്പെടുത്തല്‍.
വ്യാജപതിപ്പ് കണ്ടു എന്ന് പറയുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ പറഞ്ഞു. എന്നാല്‍ വാട്സ്ആപ്പില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടുവെന്നാണ് താന്‍ പറഞ്ഞതെന്ന് രാജ പിന്നീട് വാക്ക് മാറ്റി.
ആറ്റ്ലി സംവിധാനം ചെയ്ത മെര്‍സലില്‍ ജി.എസ്.ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിക്കുന്ന ഡയലോഗുകളാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചത്. ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. എന്നാല്‍ ചിത്രത്തിന് പിന്തുണയുമായി തമിഴ് സിനിമാ ലോകം ഒന്നടങ്കം പിന്നിലുണ്ട്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തില്‍ നിന്നുള്ള രംഗങ്ങള്‍ വെട്ടിമാറ്റരുതെന്ന് കമല്ഹാസന് അടക്കമുള്ള പ്രമുഖര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.






