
കൊച്ചി: സ്വകാര്യ സുരക്ഷയൊരുക്കാനെത്തിയ തണ്ടര്‍ഫോഴ്സ് എന്ന ഏജന്‍സിയുമായി കരാറില്‍ എത്തിയിട്ടില്ലെന്ന് ദിലീപ്. ഏജന്‍സിയുമായി നടത്തിയത് പ്രാഥമിക ചര്‍ച്ച മാത്രമാണ്. സൗഹൃദം ഉണ്ടായതിനാലാണ് ഏജന്‍സി വീട്ടിലെത്തിയതെന്നും ദിലീപ് വ്യക്തമാക്കും. തണ്ടര്‍ഫോഴ്സ് വീട്ടിലെത്തിയതു സംബന്ധിച്ച് വിശദീകരണം തേടി ദിലീപിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടി നല്കാന് ദിലീപ് നിയമോപദേശം തേടിയതായാണ് വിവരം. 'മംഗളം ടെലിവിഷന്‍' ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
സ്വകാര്യമായി സുരക്ഷ തേടുന്നത് പോലീസിനെ അറിയിക്കേണ്ട എന്ന നിയമോപദേശമാണ് ദിലീപിന് അഭിഭാഷകന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തണ്ടര്‍ഫോഴ്സിന്റെ വാഹനവ്യൂഹം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയത്. പോലീസിന്റെ നിരീക്ഷണം മറികടന്ന് സംഘമെത്തിയത് വലിയ വാര്‍ത്തയായിരുന്നു. മൂന്നു ഗാര്‍ഡുകള്‍ ദിലീപിന്റെ വീട്ടില്‍ തങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.
ദിലീപിനെ സന്ദര്‍ശിച്ച് മടങ്ങിയ സംഘത്തെ കൊട്ടാരക്കരയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള തണ്ടര്‍ഫോഴ്സ് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.






