
സിനിമയില്‍ രാഷ്ട്രീയം ചര്‍ച്ചയാകുന്നത് സാധാരണമാണെങ്കിലും രാഷ്ട്രീയത്തില്‍ ഒരു സിനിമ പ്രകമ്പനം തീര്‍ക്കുന്നത് അസാധാരണമായാണ്. അങ്ങനെ അസാധാരണമായ പ്രകടനത്തോടെ മുന്നേറുകയാണ് ആറ്റ്ലി-വിജയ് ടീമിന്റെ മെര്‍സല്‍. ആറ്റ്ലിയുടെ രണ്ടു മൂന്നു ഡയലോഗുകള്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയെ ഇത്രയേറെ വിറളി പിടിപ്പിക്കുന്നുണ്ടെങ്കില്‍ ആ വാക്കുകള്‍ കൊള്ളേണ്ടിടത്തു കൊണ്ടു എന്നു തന്നെ അര്‍ത്ഥം. ശങ്കറിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ ആറ്റ്ലി എന്ന ചെറുപ്പക്കാരന് ഇതുവരെ ചെയ്തത് മൂന്നു സിനിമകള്‍. ആദ്യ സിനിമയായ രാജാ റാണിയിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള നിരവധി അവാര്‍ഡുകള്‍ നേടി. രണ്ടാഴ്ച കൊണ്ട് ആദ്യ ചിത്രം 50 കോടി ക്ലബ്ബിലെത്തിച്ച സംവിധായകന്. 26 വയസ്സു മാത്രമായിരുന്നു അന്ന് ആറ്റ്ലിയുടെ പ്രായം. തമിഴിലെ ഏറ്റവും മികച്ച പ്രണയ-കുടുംബ ചിത്രമായി രാജാ റാണി വിലയിരുത്തപ്പെടുന്നു.
പിന്നീട് 2016ലാണ് രണ്ടാം അത്ഭുതവുമായി ആറ്റ്ലിയുടെ വരവ്. തമിഴില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് വിജയ് നായകനായ തെരി. മാസ്സും ക്ലാസുമായി ഇളക്കി മറിച്ച തെരി ആറ്റ്ലി എന്ന സംവിധായകനെ അടിവരയിടുന്ന വിജയമായി. കാഴ്ചയില്‍ മീശപോലും മുളയ്ക്കാത്ത ഈ പയ്യനില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കുന്നെന്ന് സിനിമാ ലോകം മുഴുവന്‍ പറഞ്ഞു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ വിജയ്യെ ആരാധകര്‍ക്ക് തിരികെ നല്കിയതും തെരിയാണെന്ന് നിസംശയം പറയാം. തന്റെ മൂന്നാമത്തെ ചിത്രത്തിലും നായകന് വിജയ് ആണെന്ന് ആറ്റ്ലി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകരുടെ പ്രതീക്ഷ വീണ്ടും കൂടി. എന്നാല്‍ അത് പ്രതീക്ഷിച്ചതിലും വലിയ ചരിത്രമായി മാറുകയാണ്. അഞ്ചു ദിവസം കൊണ്ട് 150 കോടി എന്ന അത്ഭുത നേട്ടം മെര്‍സല്‍ സ്വന്തമാക്കി.

'മെര്‍സല്‍' എന്ന ചിത്രം വിജയ്-ആറ്റ്ലി വിജയം എന്ന ഒരു വിശേഷണത്തില്‍ ഒതുങ്ങി പോകുമായിരുന്നു. പക്ഷേ ഇപ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്ന നിലയിലേയ്ക്ക് മെര്‍സല്‍ എത്തി. രാജ്യം ഭരിക്കുന്ന പാര്‍ട്ടി വന്‍ അസഹിഷ്ണുതയുമായി രംഗത്തെത്തി. ഒരു കലയ്ക്ക് കത്തിവെയ്ക്കാന്‍ വന്നവര്‍ പക്ഷേ സ്വയം നാറുന്ന രാഷ്ട്രീയത്തിന് ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ചിത്രത്തിലെ ഏതാനും രംഗങ്ങളുടെ പേരില്‍ ഇത്രയേറെ രോഷം കൊള്ളുന്നവരുടെ ഉള്ളിലെ വര്‍ഗ്ഗീയതയും ജനങ്ങള്‍ കണ്ടു. വിജയ് ക്രിസ്ത്യാനിയായതിനാലാണ് ഇത്തരം പരാമര്‍ശമെന്നു പോലും പറഞ്ഞ നിലവാരമില്ലാത്ത നേതാക്കളെയും സിനിമ കാണിച്ചു തന്നു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്നും അതിനു കാരണം നോട്ട് നിരോധനവും ജിഎസ്ടിയുമാണെന്ന് വിദഗ്ദര്‍ പറയുമ്പോഴും അത് മനസ്സിലാക്കാത്തതും ഈ ഒരു വിഭാഗം മാത്രം. അറിഞ്ഞോ അറിയാതെയോ, അറിയാതെ എന്നു പറയാന്‍ പറ്റില്ല, കാരണം കലാകാരന്റെ ഓരോ വാക്കിനും അതിന്റേതായ മൂര്‍ച്ചയുണ്ട്. അങ്ങനെയെങ്കില്‍ മെര്‍സലിന്റെ ഡയലോഗുകള്‍ അനാവശ്യമല്ല, നല്ല മൂര്‍ച്ചയോടെ കൊള്ളേണ്ടിടത്ത് അതു കൊണ്ടിട്ടുണ്ട്. ആദ്യ സിനിമ 50 കോടി ക്ലബ്ബില്‍, രണ്ടാം സിനിമ 150 കോടി ക്ലബ്ബില്‍, മൂന്നാം സിനിമ അഞ്ചു ദിവസം കൊണ്ട് 150 കോടി നേടി ദേശീയ തലത്തില്‍ തന്നെ മുന്നേറുന്നു, ആറ്റ്ലി എന്ന ചെറുപ്പക്കാരനില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം.