
ചെന്നൈ: ദളപതി വിജയ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. വിജയിന്റെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകന്‍' ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തുന്നു. ഏറെ നാള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചതോടെ, ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ശേഷം റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണ് 'ജനനായകന്‍'.
സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. 3 മണിക്കൂറും 3 മിനിറ്റുമാണ് സിനിമയുടെ ആകെ ദൈര്‍ഘ്യം. എന്നാല്‍ സിനിമയിലെ ഏതൊക്കെ രംഗങ്ങള്‍ക്കാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചതെന്ന കാര്യം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ വെബ്സൈറ്റില്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
ഈ വര്‍ഷം പൊങ്കല്‍ റിലീസായി ജനുവരി 9-ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ സിനിമ കടന്നുപോയത് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ്. 2025 ഡിസംബറില്‍ സെന്‍സറിങ്ങിന് സമര്‍പ്പിച്ച ചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. തുടര്‍ന്ന് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കാര്യമായ ആശ്വാസം ലഭിച്ചില്ല.
ഇതിനിടെ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍ ചോര്‍ന്നത് വലിയ തിരിച്ചടിയായി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാന്‍സ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂണില്‍ വിജയിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സെന്‍സര്‍ അനുമതി വൈകിയതിനാല്‍ അതും സാധ്യമായില്ല.
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് 'ജനനായകന്‍' ജൂലൈ 24-ന് എത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിജയ് ആരാധകരുടെ പ്രതീക്ഷ.






