
ചെന്നൈ: മെര്‍സല്‍ വിവാദത്തില്‍ തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ചിത്രത്തെ പിന്തുണച്ചത് ബി.ജെ.പി നേതൃത്വത്തിന് വന്‍ തിരിച്ചടിയായി. ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദ്ദം വകവയ്ക്കാതെയാണ് അദ്ദേഹം മെര്‍സലിനെ പിന്തുണച്ചത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച രജനീകാന്ത്, പ്രധാനപ്പെട്ട വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തതെന്നും അത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുമായി വ്യക്തിപരമായ അടുപ്പം പുലര്‍ത്തുകയും സ്വച്ഛ് ഭാരത് പദ്ധതിക്കുള്‍പ്പെടെ പിന്തുണ നല്കിയ രജനീകാന്ത് മെര്‍സലിനെ പിന്തുണയ്ക്കുമെന്ന് ബി.ജെ.പി നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. ആര്.എസ്.എസ് സൈദ്ധാന്തികനായ ഗുരുമൂര്‍ത്തിയെ മുന്‍നിര്‍ത്തി രജനീകാന്തിനെ ബി.ജെ.പിക്ക് അനുകൂലമായി രാഷ്ട്രീയത്തിലിറക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ബി.ജെ.പി ആര്.എസ്.എസ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് സ്റ്റൈല്‍ മന്നന് മെര്‍സലിനെ പിന്തുണച്ചത്.
തമിഴ് ജനതയില്‍ വന്‍ സ്വാധീനമുള്ള രജനീകാന്ത് ആദ്യ ദിവസങ്ങളില്‍ പ്രതികരിക്കാതിരുന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. രജനീകാന്തിന്റെ മൗനം സോഷ്യല്‍ മീഡിയ വിമര്‍ശനപരമായി ചോദ്യം ചെയ്ത് തുടങ്ങിയ ഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം പ്രതികരിച്ചത്. മരുമകന് ധനുഷിന്റേയും തന്റെ കുടുംബത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രജനീകാന്ത് മെര്‍സലിനെ പിന്തുണച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരുമകന് ധനുഷ്, മക്കളായ ഐശ്വര്യ, സൗന്ദര്യ തുടങ്ങിയവര്‍ സൂപ്പര്‍ താരത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മെര്‍സലിനും വിജയിക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് തമിഴ് സിനിമാലോകം ഒന്നടങ്കം പിന്നിലുണ്ട്. സിനിമാലോകവും ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികളും ചിത്രത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായിരിക്കുകയാണ്.







Comments