
അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ഹയ്‌വാന്‍'. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ, ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ സെയ്ഫ് അലി ഖാന്‍. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ സാറിനെ താന്‍ മുന്‍പും കണ്ടിട്ടുണ്ടെന്നും എങ്കിലും തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ അഭിനയത്തിലുളള സൂക്ഷ്മതയാണെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
ചിത്രത്തില്‍ ഒരു ഷോട്ടില്‍ മാത്രമാണ് അദ്ദേഹമുളളതെങ്കിലും പ്രിയന്‍ സാറുമായുളള അദ്ദേഹത്തിന്റെ കോമ്പിനേഷന്‍ രസകരമായിരുന്നുവെന്നും അവര്‍ തമ്മിലുളള കമ്യൂണിക്കേഷന്‍ മനോഹരമായിരുന്നെന്നും താരം പറഞ്ഞു. കാമറയുണ്ടെന്ന കാര്യം പൂര്‍ണ്ണമായി മറന്നാണ് ലാല്‍ സാര്‍ അഭിനയിക്കുന്നതെന്നും അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ടെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ' ഒപ്പം ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഹയ്‌വാന്‍. 18 വര്‍ഷങ്ങള്‍ക്ക് ശേഷം സെയ്ഫ് അലിഖാനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സെപ്റ്റംബര്‍ 11ന് ചിത്രം റിലീസ് ചെയ്യും.






