ചെന്നൈ: വിജയിയുടെ മെര്‍സലിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് ആശിര്‍വാദ് ആചാരി. സിനിമയിലെ ഒരു രംഗത്തില്‍ വിദ്യാര്‍ത്ഥിനിക്ക് അപകടം പറ്റിയപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും രക്ഷിതാക്കള്‍ നേരിട്ട അനുഭവം തന്റെ സ്വന്തം ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് ആശിര്‍വാദ് ആചാരി പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലാണ് ആചാരിയുടെ വെളിപ്പെടുത്തല്‍.
മെര്‍സല്‍ മികച്ച സിനിമയാണെന്ന് ആചാരി പറഞ്ഞു. സിനിമയിലെ ഓട്ടോ ഡ്രൈവറായ പിതാവ് മകളുടെ ജീവന് നിലനിര്‍ത്താന്‍ നടത്തിയ പോരാട്ടം താന്‍ നാല് വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടത്തിയ പോരാട്ടത്തിന് സമാനമാണെന്ന് വെളിപ്പെടുത്തി. തന്റെ മകളെ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വൈകുന്നേരത്തിനുള്ളില്‍ ആറ് ലക്ഷം രൂപ അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ എനിക്ക് പണം അടയ്ക്കാന്‍ കഴിഞ്ഞില്ല. പണം അടച്ചില്ലെങ്കില്‍ രാവിലെ മുതല്‍ പുതിയ മരുന്ന് കൊടുക്കുന്നത് നിര്‍ത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അന്ന് പണം കെട്ടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ തന്റെ മകള്‍ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളില്‍ നിന്ന് വാങ്ങിയും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വച്ചുമാണ് അന്ന് പണം കെട്ടിയതെന്നും ആചാരി പറഞ്ഞു.
തന്നെപ്പോലെ നിരവധി രക്ഷിതാക്കള്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അവരെല്ലാം ഇത്തരമൊരു സിനിമയില്‍ അഭിനയിച്ചതിന് വിജയിയെ അഭിനന്ദിക്കണമെന്നും ആചാരി പറഞ്ഞു.






