കോട്ടയം: ലോകത്തില്‍ കമ്മ്യൂണിസത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് യു.എസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. പി. കൃഷ്ണപിള്ള ദിനത്തില്‍ കേരളത്തില്‍ എത്തിയ വാഷിംഗ്ടണ്‍ പോസ്റ്റ് സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവുമധികം സാക്ഷരതയുള്ള സംസ്ഥാനമായ കേരളം ആരോഗ്യപരിപാലനത്തിലും മുന്നിട്ട് നില്‍ക്കുന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. ഗ്രെഗ് ജെഫിയും വിധി ദോഷിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
1957ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇന്നും ജനകീയതയോടെ കേരളത്തില്‍ തുടരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിതാവായ കൃഷ്ണപിള്ളയുടെ അനുസ്മരണ ദിനത്തില്‍ ആയിരങ്ങള്‍ ചെങ്കൊടിയുമേന്തി ലാല്‍സലാം, ഇന്‍ക്വിലാബ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി പങ്കെടുത്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്യുബയില്‍ വിപ്ലവം ഒരു പുരാവസ്തുവായി മാറിയിരിക്കുന്നു. ചൈന, വിയറ്റ്നാം, ലാവോസ് എന്നിവടങ്ങളിലെ കമ്മ്യൂണിസം മുതലാളിത്തതിന് വഴിമാറിയിരിക്കുകയാണെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.
ഉത്തര കൊറിയയിലെ കമ്മ്യൂണിസം ആണവ ആയുധങ്ങള്‍ക്കൊപ്പമാണ് നടപ്പാക്കുന്നത്. എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസം ഇപ്പോഴും ജനകീയമായി തുടരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കേരളത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍ സാമൂഹികാന്തരീക്ഷത്തെ മാറ്റിമറിക്കുന്നതായിരുന്നെന്നും പത്രം പറയുന്നു. അമല്‍ നീരദ് ചിത്രം സി.ഐ.എയെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.






