
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായ സഫീര്‍ കരീം ഐ.പി.എസില്‍ എത്തിയത് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്. ഒരു സിനിമാക്കഥ പോലെ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ജീവിതമാണ് സഫീര്‍ കരീമിന്റേത്. എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയായ ഇയാള്‍ 112-ാം റാങ്ക് നേടിയാണ് ഐ.പി.എസ് നേടിയത്. സുരേഷ് ഗോപി നായകനായ കമ്മീഷണര്‍ എന്ന സിനിമയാണ് സഫീര്‍ കരീമിന് പ്രചോദനമായത്. ഭരത്ചന്ദ്രന് ഐ.പി.എസിനെപ്പോലെ കാക്കിയിടുന്നതും അഴിമതിക്കെതിരെ പോരാടുന്നതുമാണ് തന്റെ സ്വപ്നമെന്ന് സഫീര്‍ പറഞ്ഞിട്ടുണ്ട്.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് വീട്ടിലെ മുറിയുടെ ചുവരില്‍ നിറയെ ഭരത്ചന്ദ്രന് ഐ.പി.എസ് എന്ന സുരേഷ് ഗോപി കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ ഇയാള്‍ പതിപ്പിച്ചിരുന്നു. സിനിമ കണ്ടതാണ് ഐ.പി.എസ് ആകാനുള്ള പ്രചോദനമെന്ന് യു.പി.എസ്.സിയുടെ അഭിമുഖത്തിലും സഫീര്‍ പറഞ്ഞിരുന്നു. ഐ.പി.എസ് നേടിക്കഴിഞ്ഞ് തന്റെ ആരാധനാ പാത്രമായ സുരേഷ് ഗോപിയെ സഫീര്‍ നേരില്‍ കാണുകയും ചെയ്തിരുന്നു. സിവില്‍ സര്‍വീസിന് പഠിക്കുന്നതിനൊപ്പം തന്നെ ആലുവയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററും ഇയാള്‍ നടത്തിയിരുന്നു.

ഐ.പി.എസ് നേടാന്‍ പ്രചോദനമായത് സിനിമയാണെങ്കില്‍ കോപ്പിയടിക്കാനുള്ള ആശയം ലഭിച്ചതും സിനിമയില്‍ നിന്ന് തന്നെ. സഞ്ജയ് ദത്ത് നായകനായ മുന്നാഭായി എം.ബി.ബി.എസ് എന്ന ചിത്രത്തില്‍ നായകന് ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷയില്‍ കോപ്പിയടിക്കുന്നുണ്ട്. ഇതേ മാര്‍ഗം തന്നെയാണ് സഫീറും സ്വീകരിച്ചത്. ഷര്‍ട്ടില്‍ ഘടിപ്പിച്ച രഹസ്യക്യാമറ ഉപയോഗിച്ച് ഭാര്യ ജോയ്സിന് ഇയാള്‍ ചോദ്യപേപ്പര്‍ അയച്ചു കൊടുത്തു. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഭാര്യ ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു.
ചെന്നൈ എഗ്മൂറിലെ സ്കൂളിലായിരുന്നു പരീക്ഷാ കേന്ദ്രം. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കോപ്പിയടി നടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സഫീര്‍ തുടക്കം മുതലേ നിരീക്ഷണത്തിലായിരുന്നു. പ്രൊബേഷനിലുള്ള സഫീറിനെ കോപ്പിയടി കുറ്റം തെളിഞ്ഞാല്‍ ഐ.പി.എസില്‍ നിന്ന് പുറത്താക്കിയേക്കും.







Comments