
ആലപ്പുഴ: കായല്‍ െകെയേറ്റം സംബന്ധിച്ചു തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നു മന്ത്രി തോമസ് ചാണ്ടി. ഇക്കാര്യത്തില്‍ നിയമസഭയില്‍ താനുയര്‍ത്തിയ വെല്ലുവിളി ആവര്‍ത്തിക്കുന്നു. മാര്‍ത്താണ്ഡം കായലില്‍ ഇപ്പോള്‍ ചെയ്തപോലെതന്നെ, ബാക്കി 42 പ്ലോട്ടുകളിലേക്കും വഴി നിര്‍മിക്കുമെന്നു തോമസ് ചാണ്ടി വ്യക്തമാക്കി. എല്‍.ഡി.എഫ്. ജനജാഗ്രതായാത്രയുടെ കുട്ടനാട്ടിലെ സ്വീകരണവേദിയിലും പിന്നീടു മാധ്യമങ്ങളോടും സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടനാട്ടിലെ വേദിയില്‍ ജാഥാ ക്യാപ്റ്റനും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി.
ഒരു സെന്റ് ഭൂമിയെങ്കിലും െകെയേറിയെന്നു തെളിയിച്ചാല്‍ എം.എല്‍.എ. പദവിതന്നെ രാജിവയ്ക്കാമെന്നു നിയമസസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മുഖത്തുനോക്കി വെല്ലുവിളിച്ചതാണ്. ചെന്നിത്തല ഇതുവരെ ആ വെല്ലുവിളി ഏറ്റെടുത്തിട്ടില്ല. മിടുക്കരായ ഏഴെട്ട് എം.എല്‍.എമാരുമായി വരൂ. ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ തുടങ്ങി ആരായാലും വന്ന് െകെയേറ്റഭൂമി കാണിച്ചുതരട്ടെ; വെല്ലുവിളി ആവര്‍ത്തിക്കുന്നു. സര്‍ക്കാരിനെതിരേ വാര്‍ത്തയ്ക്കു വിഷയദാരിദ്ര്യം നേരിട്ടപ്പോഴാണു യു.ഡി.എഫിന് ഏഷ്യാനെറ്റ് ഒരുവിഷയം എറിഞ്ഞുകൊടുത്തത്. ആ ചാനലിലെ ഉന്നതോദ്യോഗസ്ഥന്റെ ബന്ധുവിനെ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനത്തുനിന്നു മാറ്റിയതിന്റെ പ്രതികാരമാണിത്. എന്നാല്‍, മുന്‍മന്ത്രി എ.കെ. ശശീന്ദ്രന് നിയമിച്ചയാളെ താനറിയാതെ എം.ഡി: രാജമാണിക്യമാണു പിരിച്ചുവിട്ടത്.
താന്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്ന സമയമായിരുന്നു അത്. ഈ കായലൊന്നും കണ്ടിട്ടില്ലാത്ത, എം.എല്‍.എയായ പാലക്കാട്ടുകാരന് കൊച്ചനാണു നിയമസഭയില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ടു നികത്തിയിട്ടില്ല; പൊതുവഴി വൃത്തിയാക്കുകയായിരുന്നു. അന്വേഷണം നടക്കുന്നതേയുള്ളൂ; എ.ജിയെ സമീപിച്ചിട്ടുണ്ട്. കുറേക്കാലമായി പത്രങ്ങള്‍ വായിക്കാറില്ല. മനഃപ്രയാസം ഒഴിവാക്കാനാണത്. മൂന്നരവര്‍ഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണു ചെന്നിത്തലയുടെ പടയൊരുക്കം. എന്നാല്‍, 15 കൊല്ലത്തേക്കു പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് ഇറക്കിവിടാന്‍ കഴിയില്ല-തോമസ് ചാണ്ടി പറഞ്ഞു.
ആരെയെങ്കിലും വെല്ലുവിളിക്കാനോ പ്രതിരോധിക്കാനോ അല്ല ജനജാഗ്രതായാത്രയെന്നു മന്ത്രി തോമസ് ചാണ്ടിക്കു മറുപടിയായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കുട്ടനാട്ടിലെ സ്വീകരണസമ്മേളനത്തില്‍ തോമസ് ചാണ്ടിയുടെ അധ്യക്ഷപ്രസംഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി കുട്ടനാട്ടിലെ സ്വീകരണസമ്മേളനത്തില്‍ നടത്തിയ അഭിപ്രായങ്ങള്‍ ജാഥയുടെ നിലപാടല്ലെന്നു കാനം പിന്നീടു പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ജാഥാംഗങ്ങളാണു ജാഥയുടെ നിലപാട് അറിയിക്കുന്നത്; സ്വീകരണസമിതി അധ്യക്ഷനല്ല. ഔചിത്യവും അനൗചിത്യവും അവരവരാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു കൃഷിഭൂമി കുറഞ്ഞുവരുകയാണെന്നു കുട്ടനാട്ടിലെ സ്വീകരണസമ്മേളനത്തില്‍ കാനം ചൂണ്ടിക്കാട്ടി. കൃഷി ആദായകരമല്ലാത്തതിനാല്‍ പലരും മറ്റു മേഖലകളിലേക്കു തിരിയുന്നു. ആ സാഹചര്യത്തിലാണു കഴിഞ്ഞ ഇടതുസര്‍ക്കാര്‍ നെല്‍വയല്‍-തണ്ണീര്‍ത്തടനിയമം കൊണ്ടുവന്നത്. ശേഷിക്കുന്ന വയലുകള്‍ സംരക്ഷിക്കുകയും കൃഷി പ്രോത്സാഹിപ്പിക്കുകയുമാണ് എല്‍.ഡി.എഫിന്റെയും സര്‍ക്കാരിന്റെയും നിലപാട്.
വിമാനത്താവളത്തിനായി പരിഗണിച്ച ആറന്മുളയിലും മെത്രാന് കായലിലും ഈ സര്‍ക്കാര്‍ കൃഷിയിറക്കി. നെല്‍വയല്‍ നികത്താതെ, കൃഷി ചെയ്യുന്നവര്‍ക്കു റോയല്‍റ്റി നല്കുമെന്നു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതാണ്. മാതൃകാപരമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കാനം പറഞ്ഞു.






