
ന്യൂഡല്‍ഹി: ചൈനയും, പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധം ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമെന്ന് 1950 ല്‍ തന്നെ സര്‍ദാര്‍ പട്ടേല്‍ പ്രവചിച്ചിരുന്നെന്ന് ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കര്‍. അതേസമയം, ഇന്ത്യ-ചൈനാ അതിര്‍ത്തിയായ ദോക്ലാം മേഖലയിലെ സംഘര്‍ഷവും രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാറിനു നിശ്ചയമുണ്ടായിരുന്നതായും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യം ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന് പട്ടേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പരീക്കര്‍ വെളിപ്പെടുത്തി. സര്‍ദാര്‍ പട്ടേല്‍ ജവഹര്‍ലാല്‍ നെഹ്റുവിന് അയച്ച കത്തുകള്‍ വായിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യമാകുന്നതെന്നും പരീക്കര്‍ വെളിപ്പെടുത്തി. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് കത്തുകള്‍ വായിക്കാന്‍ അവസരം ലഭിച്ചതെന്നും അദേഹം പറയുന്നു.
1962 ല്‍ ചൈനയും, 1965 ല്‍ പാക്കിസ്ഥാനും ഇന്ത്യയെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് 1971, 1999 വര്‍ഷങ്ങളിലും ഇന്ത്യാ- പാക്ക് യുദ്ധമുണ്ടായി. കശ്മീര്‍ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നത് പട്ടേലിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചതിന്റെ ഫലമാണെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.






